ഇറാനിലെ ഊർജ്ജ നിലയങ്ങൾ അടക്കം മറ്റ് സ്ഥാപനങ്ങളും തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്
ഇറാനിലെ ഊർജ്ജ നിലയങ്ങൾ അടക്കം മറ്റ് സ്ഥാപനങ്ങളും തകർക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, പാലം ആക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. 136 മീറ്റര്‍ ഉയരമുള്ള, മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായി കണക്കാക്കിയിരുന്ന പാലമാണ് യുഎസ്- ഇസ്രയേൽ സൈന്യം തകർത്തത്.ടെഹ്റാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഊർജ്ജ നിലയങ്ങൾ അടക്കം അടിസ്ഥാന സൗകര്യ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. "ഇറാനിൽ അവശേഷിക്കുന്നത് നശിപ്പിക്കാൻ പോലും യുഎസ് സൈന്യം തുടങ്ങിയിട്ടില്ല" എന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
