ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ; ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ തിരിച്ചടി
യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന വാൾ സ്ട്രീറ്റ് ജേർണൽ സർവേ ഫലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി 37 ശതമാനത്തിലേക്ക് താഴ്ന്നു. രാജ്യത്തെ 61 ശതമാനം ആളുകളും ട്രംപിന്റെ ഭരണരീതിയിൽ അതൃപ്തി രേഖപ്പെടുത്തിയതായും സർവേ വ്യക്തമാക്കുന്നു .വാൾ സ്ട്രീറ്റ് ജേർണൽ സർവേ പ്രകാരം 37% ആളുകൾ മാത്രമാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. 61% പേർ അദ്ദേഹത്തിന്റെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി.
കഴിഞ്ഞ 36 വർഷത്തിനിടെ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു യു.എസ്. പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിത്. ഇറാന് എതിരെയുള്ള സൈനിക നടപടികളും കുതിച്ചുയരുന്ന ഇന്ധനവിലയുമാണ് പ്രധാന കാരണം. വിലക്കയറ്റം തടയുമെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതും റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കാത്തതും തിരിച്ചടിയായി.
രണ്ടാം ഊഴത്തിന്റെ തുടക്കത്തിൽ 47% ഉണ്ടായിരുന്ന ജനപ്രീതി സെപ്റ്റംബർ ആയപ്പോഴേക്കും 32%-ത്തിലേക്ക് താഴ്ന്നു. ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതിൽ 17% പേരുടെ പിന്തുണ മാത്രമാണ് നിലവിലുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർക്കിടയിലെ പിന്തുണ 82 ശതമാനത്തിൽ നിന്ന് 73 ആയി കുറഞ്ഞു. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തന്നെ സങ്കൽപ്പിച്ച് വോട്ട് ചെയ്യണമെന്ന് ട്രംപ് അണികളോട് അഭ്യർഥിച്ചിട്ടുണ്ട്.
