ജപ്പാനിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; 7.4 തീവ്രത രേഖപ്പെടുത്തി; അതീവ ജാഗ്രതാ നിർദ്ദേശം

  1. Home
  2. International

ജപ്പാനിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; 7.4 തീവ്രത രേഖപ്പെടുത്തി; അതീവ ജാഗ്രതാ നിർദ്ദേശം

japan


വടക്കൻ ജപ്പാനിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമിത്തിരകൾ ആഞ്ഞടിച്ചു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിനെത്തുടർന്ന് കുജി തുറമുഖത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടു. തീരപ്രദേശങ്ങളിൽ ഉള്ളവർ എത്രയും വേഗം ഉയർന്ന സ്ഥലങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദ്ദേശം നൽകി.

ഭൂചലനത്തെത്തുടർന്ന് ടോക്കിയോയ്ക്കും അമോറിക്കുമിടയിലുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. നിലവിൽ അടച്ചിട്ടിരിക്കുന്ന ഒനാഗാവ ആണവനിലയത്തിലുൾപ്പെടെ ഊർജ്ജ കമ്പനികൾ സുരക്ഷാ പരിശോധനകൾ നടത്തിവരികയാണ്. ചിലയിടങ്ങളിൽ വൈദ്യുതി തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4:53-ഓടെയാണ് ഭൂചലനമുണ്ടായത്. കടൽതീരങ്ങളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ജനങ്ങൾ ഉടനടി മാറിനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുനാമി തിരമാലകൾ തുടർച്ചയായി വരാൻ സാധ്യതയുള്ളതിനാൽ, ഔദ്യോഗികമായി മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്ന് സർക്കാർ വക്താവ് അറിയിച്ചു. നാശനഷ്ടങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.