വെനസ്വേല ഇരട്ട ഭൂചലനം; മരണം 164 ആയി, ആയിരത്തോളം പേർക്ക് പരിക്ക്, വൻ നാശനഷ്ടം

  1. Home
  2. International

വെനസ്വേല ഇരട്ട ഭൂചലനം; മരണം 164 ആയി, ആയിരത്തോളം പേർക്ക് പരിക്ക്, വൻ നാശനഷ്ടം

Venezuela


ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 164 ആയി ഉയർന്നു. ദുരന്തത്തിൽ 971-ലധികം പേർക്ക് പരിക്കേറ്റതായും നൂറുകണക്കിന് ആളുകളെ കാണാതായതായും ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രാജ്യത്തെ നടുക്കിയ കനത്ത ഭൂകമ്പങ്ങൾ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ യഥാക്രമം 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വെനസ്വേല ദർശിച്ച ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. ഭൂചലനത്തിന്റെ ആഘാതത്തിൽ തലസ്ഥാന നഗരമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. വെനസ്വേലയിലെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഭൂചലനത്തിൽ കനത്ത നാശനഷ്ടമുണ്ടായതിനെ തുടർന്ന് അടച്ചുപൂട്ടിയിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രകമ്പനം കാരക്കാസിൽ നിന്നും 1700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലകളിൽ വരെ അനുഭവപ്പെട്ടതിനെ തുടർന്ന് അവിടെയുള്ള കെട്ടിടങ്ങളിൽ നിന്നും ജനങ്ങളെ മുൻകരുതലായി ഒഴിപ്പിച്ചിരുന്നു.

ആദ്യ ഭൂചലനം കരീബിയൻ തീരത്തെ മോറോൻ നഗരത്തിന് പടിഞ്ഞാറ് മാറി 20 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നു. ഇതിന് തൊട്ടുപിന്നാലെ 39 സെക്കൻഡുകൾക്ക് ശേഷമാണ് രണ്ടാമത്തെ ശക്തമായ ഭൂചലനം മോറോൻ നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി ഉണ്ടായത്. പസഫിക് - കരീബിയൻ ഫലകങ്ങളുടെ അതിർത്തിയിൽ ഒന്നിലധികം ഭ്രംശരേഖകൾക്ക് (Fault Lines) മുകളിലാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഇവിടെ അതിശക്തമായ ഭൂചലനങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ലാ ഗ്വൈറ പ്രവിശ്യയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി അത്യാധുനിക സജ്ജീകരണങ്ങളോടെ അതിതീവ്ര രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. യു.എസ്, ജർമ്മനി, ഫ്രാൻസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും വെനസ്വേലയ്ക്ക് അടിയന്തിര സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന.