ഭരണനേതൃത്വത്തിൽ രണ്ട് പതിറ്റാണ്ട്; ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച് യു.എ.ഇ ഭരണാധികാരികൾ

  1. Home
  2. International

ഭരണനേതൃത്വത്തിൽ രണ്ട് പതിറ്റാണ്ട്; ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച് യു.എ.ഇ ഭരണാധികാരികൾ

sheikh mohammed


ദുബൈ ഭരണാധികാരിയായും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായും സേവനമനുഷ്ഠിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഭരണനേതൃത്വത്തിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉൾപ്പെടെയുള്ള ഭരണാധികാരികൾ അദ്ദേഹത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിച്ചു. ശൈഖ് മുഹമ്മദിന്റെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ വളർച്ചയെ ആഗോളതലത്തിൽ മുൻനിരയിലെത്തിച്ചുവെന്ന് പ്രസിഡന്റ് തന്റെ സന്ദേശത്തിൽ കുറിച്ചു.

പിതാവായും നേതാവായും പ്രചോദനമായും ശൈഖ് മുഹമ്മദ് എപ്പോഴും ഒപ്പമുണ്ടെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. മനുഷ്യശേഷിയെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായി കണ്ട് യു.എ.ഇയിലെ ജനങ്ങളിൽ അദ്ദേഹം അർപ്പിച്ച വിശ്വാസമാണ് ഇന്നത്തെ നേട്ടങ്ങൾക്ക് കാരണമെന്നും ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ഉൾപ്പെടെയുള്ള പ്രമുഖരും സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസകൾ നേർന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന വികസനക്കുതിപ്പാണ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ ദുബൈയും യു.എ.ഇയും കൈവരിച്ചത്. ഭരണനിർവ്വഹണത്തിൽ കൊണ്ടുവന്ന സാങ്കേതിക വിപ്ലവങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും രാജ്യത്തെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകളെ പ്രകീർത്തിച്ചു. 2006 ജനുവരി നാലിന് ശൈഖ് മക്തൂം ബിൻ റാശിദിന്റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹം ഭരണമേറ്റെടുത്തത്.