ജപ്പാനിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ഭൂചലനം; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി. നിലവിൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 5:23-ഓടെയാണ് ഭൂചലനമുണ്ടായത്. ഹൊക്കൈഡോയുടെ തെക്കൻ മേഖലയിൽ ഭൂമിക്കടിയിൽ 83 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ജനവാസം കുറഞ്ഞ മേഖലയായതിനാൽ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ശക്തമായ കുലുക്കം അനുഭവപ്പെട്ട പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും പാറകൾ വീഴുന്നതിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസി ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരും ആഴ്ചകളിൽ ഇതേ തീവ്രതയുള്ള തുടർച്ചലനങ്ങൾ ഉണ്ടായേക്കാം.
ഈ ഭൂചലനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഹൊക്കൈഡോയ്ക്ക് തെക്ക് കടലിൽ 5.0 തീവ്രതയുള്ള മറ്റൊരു ഭൂചലനവും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വടക്കൻ ഇവാത്തെ പ്രവിശ്യയിലുണ്ടായ 7.7 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് വലിയ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഏജൻസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവാത്തെയിലുണ്ടായ ഭൂചലനത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും തീരപ്രദേശങ്ങളിൽ ചെറിയ തോതിൽ സുനാമി തിരമാലകൾ അടിക്കുകയും ചെയ്തിരുന്നു.
പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ്. പ്രതിവർഷം ശരാശരി 1,500-ഓളം ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടാറുണ്ട്. നിലവിലെ സാഹചര്യം അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
