ഹോർമുസ് കടലിടുക്കിൽ സൗദി ടാങ്കറിന് നേരെ ആക്രമണം: രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു
ഹോർമുസ് കടലിടുക്കിൽ സൗദി അറേബ്യൻ ക്രൂഡ് ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഫിലിപ്പീൻസ് സ്വദേശികളായ നാവികർ കൊല്ലപ്പെട്ടു. പ്രൊജക്ടൈൽ (Projectile) പതിച്ചാണ് അപകടമുണ്ടായത്. സൗദി ഷിപ്പിംഗ് കമ്പനിയായ 'ബഹ്രി'യുടെ 'സിദ്ർ' എന്ന കപ്പലിന് നേരെ കഴിഞ്ഞ മാസം 31-നുണ്ടായ ആക്രമണം സൗദി ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഹോർമുസ് കടലിടുക്ക് കടക്കുന്നതിനിടെ ഒമാൻ തീരത്ത് കസബിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും ബഹ്രി കമ്പനി വ്യക്തമാക്കി.
അതിനിടെ, ബുധനാഴ്ച ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ കടൽ മൈനുകളിൽ ഇടിച്ച് തീപിടിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) അവകാശപ്പെട്ടു. ഇറാൻ നിർദേശിച്ച പാതയ്ക്ക് പുറത്തുകൂടെയും അമേരിക്കയുടെ നിർദേശപ്രകാരവും സഞ്ചരിച്ച കപ്പലുകളാണ് മൈനുകളിൽ ഇടിച്ചതെന്നും ഇവ കത്തിക്കൊണ്ടിരിക്കുകയാണെന്നും ഐ.ആർ.ജി.സി അറിയിച്ചു.
ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ കൈവശമാണെന്നും മൈനുകൾ പൂർണമായും നീക്കിയെന്നും അമേരിക്കയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും അവകാശപ്പെടുന്നതിനിടെയാണ് പുതിയ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഇതുവഴിയുള്ള സമുദ്ര ഗതാഗതം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
