അഴിമതി കേസിൽ ചൈനയിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ; സൈന്യത്തിൽ വൻ ശുദ്ധീകരണവുമായി ഷി ജിൻപിങ്
മുൻ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനും അഴിമതിക്കേസിൽ വധശിക്ഷ വിധിച്ചുകൊണ്ട് ചൈനീസ് സർക്കാർ ഉത്തരവിട്ടു. പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിവരം ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈനിക-രാഷ്ട്രീയ മേഖലകളിൽ നടത്തിവരുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള ഏറ്റവും നിർണ്ണായകമായ നീക്കമാണിതെന്നാണ് വിലയിരുത്തൽ.
ലി ഷാങ്ഫുവിനെതിരെ 2024-ലാണ് അന്വേഷണം ആരംഭിച്ചതും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വൻ തുക കൈക്കൂലി വാങ്ങിയെന്നും സൈനിക നിയമനങ്ങളിൽ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലി ഷാങ്ഫുവിന്റെ മുന്നോടിയായി പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചിരുന്ന വേ ഫെംഗെയ്ക്കും സമാനമായ ആരോപണങ്ങളെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്. സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാനായിരുന്ന ഹേ വെയ്‌ഡോങ് ഉൾപ്പെടെയുള്ള ഒമ്പത് പ്രമുഖ ജനറൽമാരെ കഴിഞ്ഞ വർഷം അഴിമതി ആരോപിച്ചു സൈന്യത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
അഴിമതി തുടച്ചുനീക്കുക എന്നതിലുപരി, സൈന്യത്തിന് മേൽ തന്റെ ആധിപത്യം കൂടുതൽ ശക്തമാക്കാനാണ് പ്രസിഡന്റ് ഷി ജിൻപിങ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാംഗ് ഉൾപ്പെടെയുള്ള പ്രമുഖരും നേരത്തെ സമാനമായ രീതിയിൽ നടപടി നേരിട്ടിരുന്നു.
