കാനഡയിൽ വാൾമാർട്ടിന് പുറത്ത് രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റ് മരിച്ചു; ആസൂത്രിത ആക്രമണമെന്ന് പോലീസ് നിഗമനം

  1. Home
  2. International

കാനഡയിൽ വാൾമാർട്ടിന് പുറത്ത് രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റ് മരിച്ചു; ആസൂത്രിത ആക്രമണമെന്ന് പോലീസ് നിഗമനം

canada murder


കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിലെ വാൾമാർട്ട് സ്റ്റോറിന് പുറത്തുണ്ടായ വെടിവെയ്പ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ഗഗൻപ്രീത് റെഹാൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് മരിച്ചത്. നവംബർ 15-ന് രാത്രിയാണ് സ്റ്റോറിന് പുറത്ത് ദാരുണമായ ഈ സംഭവം നടന്നത്. വെടിയേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ ഉദ്ധരിച്ച് സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട ഇരുവരും സമീപപ്രദേശമായ ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവർ ദമ്പതികളാണെന്നും വിവരമുണ്ട്. മരിച്ച റെഹാലിനെതിരെ മുൻപ് ആയുധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്നാൽ സുഖ്ജീത് കൗറിന് കാനഡയിൽ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളോ വലിയ ബന്ധങ്ങളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വ്യക്തമായ ലക്ഷ്യത്തോടെ നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമുണ്ടാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.