സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

  1. Home
  2. International

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

accident


സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്‌ലൂമിയയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

ഹോത്ത ബനീ തമീമിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട ബസിന്റെ പിൻവശത്തെ ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും ഷീബയും ഇസ്മാഈലും പുറത്തേക്ക് തെറിച്ചുപോയി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു.

ബസിലുണ്ടായിരുന്ന 50-ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. വിജനമായ സ്ഥലത്താണ് അപകടം നടന്നതെങ്കിലും ഉടൻ തന്നെ പൊലീസും റെഡ് ക്രസന്റും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി വരികയാണ്. വർഷങ്ങളായി ഹോത്ത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു മരിച്ച ഷീബ.