ഷാർജയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ, പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉമ്മുൽഖുവൈനിലെ കാറ്ററിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു അപകടത്തിൽപ്പെട്ടവർ. ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. രമേഷ് കുമാറിന് ഭാര്യയും അഞ്ച്, രണ്ട് വയസ്സുള്ള രണ്ട് മക്കളുമുണ്ട്.
