ഷാർജയിൽ രണ്ടു വയസുകാരൻ വീണു മരിച്ച കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

  1. Home
  2. International

ഷാർജയിൽ രണ്ടു വയസുകാരൻ വീണു മരിച്ച കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

sharjah toddler death


അൽ നഹദയിലെ ഫ്ലാറ്റിൽ നിന്ന് പാകിസ്ഥാൻ സ്വദേശിയായ രണ്ടു വയസുകാരൻ വീണ് മരിച്ച കേസിൽ പ്രതികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. കണ്ണൂർ, തമിഴ്നാട് സ്വദേശികളായ മാതാപിതാക്കളെ രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) ജാമ്യത്തുകയിലാണ് കോടതി വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് യു.എ.ഇ നിയമപ്രകാരം മാതാപിതാക്കൾ ഉത്തരവാദികളായതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. കേസിൽ അന്വേഷണം തുടരുന്നതിനാൽ ഒമ്പത് വയസ്സുള്ള രണ്ട് പെൺകുട്ടികളും നിലവിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ സംരക്ഷണയിലാണ്.

അൽ നഹദയിൽ പാകിസ്ഥാൻ സ്വദേശി സജ്ജാദ് ഹുസൈന്റെ മകൻ മുഹമ്മദ് അർഷ്മാൻ ആണ് മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത്. അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീണതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കേസിൽ ദുരൂഹത ഉയർന്നത്.

ഒമ്പത് വയസ്സുള്ള പെൺകുട്ടികൾ കുട്ടിയെ വിളിച്ചുവരുത്തുന്നതും തുടർന്ന് കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ ജനലിലൂടെ താഴേക്ക് തള്ളിയിട്ടതാണെന്ന് സംശയിക്കുന്നതായി പിതാവ് ആരോപിച്ചതോടെയാണ് പെൺകുട്ടികളെയും രക്ഷിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഏക മകനെയാണ് സജ്ജാദിനും കുടുംബത്തിനും നഷ്ടമായത്. സംഭവത്തിൽ പ്രാദേശിക നിയമപ്രകാരമുള്ള വിശദമായ അന്വേഷണവും കോടതി നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.