ഫിഫ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിലേക്ക് 50 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് യു.എ.ഇ

  1. Home
  2. International

ഫിഫ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിലേക്ക് 50 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് യു.എ.ഇ

uae


കുട്ടികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള 'ഫിഫ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിലേക്ക്' 50 ലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 1.83 കോടി ദിർഹം) ധനസഹായം പ്രഖ്യാപിച്ച് യു.എ.ഇ. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ആവശ്യമായ അറിവും നൈപുണ്യവും വികസിപ്പിക്കുന്ന പദ്ധതികളിലൂടെ ആഗോളതലത്തിൽ വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്താൻ ഈ വൻ തുക വിനിയോഗിക്കും. ലോകമെമ്പാടുമുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും അവരെ ശാക്തീകരിക്കാനുമുള്ള യു.എ.ഇയുടെ ദീർഘകാല മാനുഷിക നയങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

ആഗോളതലത്തിൽ കടുത്ത ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുന്നതിനായി സജീവമായി രംഗത്തുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് ഗ്ലോബൽ സിറ്റിസൺ. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ലിംഗസമത്വം തുടങ്ങിയ നിർണായക വിഷയങ്ങളിൽ യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഈ സംഘടന പ്രവർത്തിക്കുന്നു. സർക്കാരുകൾ, വൻകിട ബിസിനസ് സ്ഥാപനങ്ങൾ, ജീവകാരുണ്യ സംഘടനകൾ, കലാകാരന്മാർ എന്നിവരെ ഒന്നിപ്പിച്ച് നടത്തുന്ന 'ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവൽ' പോലുള്ള വൻകിട കാമ്പയിനുകളിലൂടെയാണ് ഈ സംഘടന ആഗോള ശ്രദ്ധ നേടിയത്.

ദുർബല പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫിഫയും ഗ്ലോബൽ സിറ്റിസണും സംയുക്തമായാണ് 'ഫിഫ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ട്' രൂപീകരിച്ചത്. ഫുട്ബോൾ എന്ന ജനപ്രിയ കായികവിനോദത്തെ ആഗോളതലത്തിൽ കുട്ടികളെ കൂട്ടിയിണക്കുന്ന കണ്ണിയായി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനകൾക്ക് ഗ്രാന്റുകളും സാങ്കേതിക പങ്കാളിത്തവും നൽകി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ യു.എ.ഇയുടെ പുതിയ സഹായം വലിയ ഊർജ്ജമാകും.