ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി ഇടപാട് അരുത്: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി
ലൈസൻസില്ലാത്ത കമ്പനികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനെതിരെ നിക്ഷേപകർക്ക് കര്‍ശന മുന്നറിയിപ്പ് നൽകി യു.എ.ഇ ഫെഡറൽ ധനകാര്യ റെഗുലേറ്ററി ബോഡിയായ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA). നിക്ഷേപങ്ങളോ സാമ്പത്തിക സേവനങ്ങളോ ഉൾപ്പെടുന്ന കരാറുകളിൽ ഒപ്പിടുന്നതിനോ പണം കൈമാറുന്നതിനോ മുമ്പ് കമ്പനിയുടെ നിയമപരമായ പദവി കൃത്യമായി പരിശോധിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
വ്യാജ കമ്പനികളുടെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ഔദ്യോഗിക വെബ്സൈറ്റിൽ (www.uaecma.gov.ae) പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത കമ്പനികളുടെ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്താനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ധനകാര്യ പ്രവർത്തനങ്ങൾ നടത്തുന്നതിനോ അതോറിറ്റി നിയന്ത്രിക്കുന്ന സേവനങ്ങളിലൊന്നിലും ഏർപ്പെടുന്നതിനോ 'ഖനത് അൽ അമൽ സർവീസസ് ആൻഡ് കോൾ സെന്റേഴ്‌സ്' (Khanat Al Amal Services and Call Centers) എന്ന കമ്പനിക്ക് ഔദ്യോഗിക ലൈസൻസില്ലെന്ന് CMA വ്യക്തമാക്കി. ഈ കമ്പനിയുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ യാതൊരുവിധ ബാധ്യതയും അതോറിറ്റി ഏറ്റെടുക്കില്ലെന്നും അധികൃതർ അറിയിച്ചു.
