നേപ്പാളിന് കൈത്താങ്ങായി യു.എ.ഇ; അഞ്ചാമത് ദുരിതാശ്വാസ വിമാനം കാഠ്മണ്ഡുവിൽ എത്തി
പ്രകൃതിദുരന്തത്തിൽ വലയുന്ന നേപ്പാളിന് ആശ്വാസവുമായി യു.എ.ഇയുടെ അഞ്ചാമത് ദുരിതാശ്വാസ വിമാനം കാഠ്മണ്ഡുവിൽ എത്തിച്ചേർന്നു. യു.എ.ഇ നടപ്പാക്കുന്ന പ്രത്യേക വ്യോമപാത (Airbridge) വഴി 34 ടൺ മാനുഷിക സഹായ വസ്തുക്കളാണ് കാഠ്മണ്ഡുവിൽ എത്തിച്ചത്. നേപ്പാൾ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ്, ശാസ്ത്ര സാങ്കേതിക മന്ത്രി മഹാവീർ പുൻ, നേപ്പാളിലെ യു.എ.ഇ അംബാസഡർ അബ്ദുല്ല സഈദ് അൽ ശംസി എന്നിവർ ചേർന്നാണ് സഹായധനം സ്വീകരിച്ചത്.
ജെറ്റ് സ്‌കീകൾ, രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകൾ, സോളാർ പാനലുകൾ, മറ്റ് അത്യാധുനിക സെർച്ച് ആൻഡ് റെസ്‌ക്യൂ ഉപകരണങ്ങൾ എന്നിവയാണ് വിമാനത്തിൽ എത്തിച്ച പ്രധാന സാമഗ്രികൾ. ഇതോടെ നേപ്പാളിലേക്ക് യു.എ.ഇ ഇതുവരെ വ്യോമമാർഗം എത്തിച്ച ആകെ സഹായം 220 ടണ്ണായി ഉയർന്നു. ദുരന്തമുഖത്തെ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും അത്യാവശ്യമായ ഉപകരണങ്ങളും ബോട്ടുകളും സമയബന്ധിതമായി എത്തിച്ചുനൽകിയതിന് നേപ്പാൾ ആഭ്യന്തര മന്ത്രി യു.എ.ഇ സർക്കാരിന് നന്ദി രേഖപ്പെടുത്തി.
