യു.എ.ഇ പതാക ദിനം: ഗ്ലോബൽ വില്ലേജിൽ ഇന്ന് 1000 ഡ്രോണുകൾ അണിനിരക്കുന്ന ആകാശ വിസ്മയം; പ്രത്യേക ഇളവുകളോടെ ഫാമിലി പാസും

  1. Home
  2. International

യു.എ.ഇ പതാക ദിനം: ഗ്ലോബൽ വില്ലേജിൽ ഇന്ന് 1000 ഡ്രോണുകൾ അണിനിരക്കുന്ന ആകാശ വിസ്മയം; പ്രത്യേക ഇളവുകളോടെ ഫാമിലി പാസും

flag day


യു.എ.ഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് (നവംബർ 3) ആയിരം പ്രകാശമാനമായ ഡ്രോണുകൾ അണിനിരക്കുന്ന ബൃഹത്തായ ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന ഈ ആകാശപ്രദർശനത്തിൽ യു.എ.ഇ ദേശീയപതാകയുടെ വർണ്ണങ്ങളിൽ ഡ്രോണുകൾ വിസ്മയ കാഴ്ചയൊരുക്കും. ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിലുടനീളം ദേശീയപതാകകൾ ഉയർത്തുകയും മനോഹരമായ ദീപാലങ്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സന്ദർശകർക്ക് സൌജന്യമായി ദേശീയപതാകകൾ വിതരണം ചെയ്യുന്നതിനൊപ്പം, എമിറാത്തി പാരമ്പര്യവും സംസ്കാരവും തൊട്ടറിയാൻ സാധിക്കുന്ന രീതിയിലാണ് യു.എ.ഇ പവലിയൻ സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പുറമെ, കുടുംബസമേതം എത്തുന്നവർക്കായി 196 ദിർഹം ഇളവോടെ 399 ദിർഹത്തിന് 'ഫാമിലി ഫൺ പാസ്' ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 595 ദിർഹം വിലമതിക്കുന്ന ഈ പാക്കേജിൽ 4 എൻട്രി ടിക്കറ്റുകൾ, 400 പോയിന്റുകളുള്ള വണ്ടർ പാസ് കാർഡ്, ഒരു സൗജന്യ കാർണിവൽ റൈഡ് എന്നിവ ഉൾപ്പെടുന്നു.

നവംബർ 6 മുതൽ 10 വരെ അഞ്ച് ദിവസം നീളുന്ന ദീപാവലി ആഘോഷങ്ങളും ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. നവംബർ 6-ന് രാത്രി 8-ന് 'ബൈഠക്' സംഗീതപരിപാടിയും നവംബർ 8-ന് 600 ഡ്രോണുകൾ അണിനിരക്കുന്ന ദീപാവലി ഡ്രോൺ ഷോയും അരങ്ങേറും. ദീപാവലി മേള, ചാട്ട് ബസാർ, രംഗോലി മത്സരങ്ങൾ തുടങ്ങിയവയാണ് മറ്റ് ആകർഷണങ്ങൾ.

പ്രവര്‍ത്തന സമയം

  • ഞായർ - ബുധൻ: വൈകുന്നേരം 4:00 മുതൽ അർദ്ധരാത്രി 12:00 വരെ
  • വ്യാഴം - ശനി & പൊതു അവധി ദിവസങ്ങൾ: വൈകുന്നേരം 4:00 മുതൽ പുലർച്ചെ 1:00 വരെ
  • ചൊവ്വാഴ്ചകൾ: കുടുംബങ്ങൾ, ദമ്പതികൾ, വനിതകൾ എന്നിവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.