യുഎഇക്ക് ചരിത്രനേട്ടം: ഫുജൈറയിലെ 'വാദി വുറയ്യ' യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ
പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ഫുജൈറയിലെ 'വാദി വുറയ്യ നാഷണൽ പാർക്ക്' യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ലോക പൈതൃക സമിതിയുടെ 48-ാമത് സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 'ഔട്ട്‌സ്റ്റാൻഡിങ് യൂണിവേഴ്‌സൽ നാച്ചുറൽ വാല്യു' വിഭാഗത്തിൽ യുഎഇയിൽ നിന്നും യുനെസ്‌കോ പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യ കേന്ദ്രമാണിത്. ഇതോടെ രാജ്യത്തെ ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണം മൂന്നായി ഉയർന്നു.
225 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മരുഭൂമിയിലെ ജൈവവൈവിധ്യ അത്ഭുതമാണ് വാദി വുറയ്യ. വരണ്ട കാലാവസ്ഥയിലും വറ്റാത്ത ശുദ്ധജല തടാകങ്ങളും 300-ലധികം നീരുറവകളും ഇവിടെയുണ്ട്. 9 കോടി വർഷം പഴക്കമുള്ള അപൂർവ പാറക്കൂട്ടങ്ങളും വംശനാശഭീഷണി നേരിടുന്ന 'അറേബ്യൻ താർ', അറേബ്യൻ കാരക്കൽ ഉൾപ്പെടെ 1,099 ഇനം അപൂർവ ജീവികളും സസ്യങ്ങളും ഈ മേഖലയിൽ വസിക്കുന്നു.
2009-ൽ യുഎഇയിലെ ആദ്യത്തെ പർവത സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട വാദി വുറയ്യ, കൃത്യമായ നവീകരണത്തിന് ശേഷം 2026 ജനുവരിയിലാണ് കർശന നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 2011-ൽ അൽ ഐനും 2025-ൽ ഷാർജയിലെ ഫായ പാലിയോലാന്റ്‌സ്‌കേപ്പുമാണ് ഇതിന് മുൻപ് യുഎഇയിൽ നിന്ന് യുനെസ്‌കോ പട്ടികയിൽ ഇടംപിടിച്ച കേന്ദ്രങ്ങൾ.
