ഗാസയിൽ 121 കിണറുകളും 6 ഡീസലൈനേഷൻ പ്ലാന്റുകളും സ്ഥാപിച്ച് യു.എ.ഇ
ഗാസയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 121 കിണറുകളും ആറ് ഡീസലൈനേഷൻ പ്ലാന്റുകളും സ്ഥാപിച്ച് യു.എ.ഇ. 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3' ഹ്യൂമാനിറ്റേറിയൻ ദൗത്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഉൾപ്പെടെ ഗാസയിലെ 20 ലക്ഷത്തോളം ജനങ്ങൾക്ക് തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 121 കിണറുകളിൽ നിന്ന് മാത്രം ആറ് ലക്ഷത്തോളം ആളുകൾക്ക് ശുദ്ധജലം ലഭിക്കുമെന്നാണ് വിലയിരുത്തൽ. വെള്ളം എത്തിക്കുന്നതിനായി 37 ടാങ്കറുകളും യു.എ.ഇ നൽകിയിട്ടുണ്ട്.
ഈജിപ്ത് അതിർത്തിയിൽ സ്ഥാപിച്ച ആറ് ഡീസലൈനേഷൻ പ്ലാന്റുകളിൽ നിന്നുള്ള പൈപ്പ്‌ലൈനുകൾ വഴി 2023 ഡിസംബർ മുതലാണ് യു.എ.ഇ റഫയിലേക്ക് ജലവിതരണം ആരംഭിച്ചത്. 2025 ആഗസ്റ്റിൽ ഖാൻ യൂനിസിലേക്ക് 7.5 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈനും സ്ഥാപിച്ചു. കൂടാതെ 270 ജലസംഭരണ ടാങ്കുകളും 20,000 ഗാലൻ കുടിവെള്ളവും യു.എ.ഇ ഗാസയിലെത്തിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് വിതരണം തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യു.എ.ഇയുടെ ഫീൽഡ് ടീമുകൾ പ്രദേശത്ത് സജീവമാണ്.
