യുഎഇ അന്താരാഷ്ട്ര ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പ്; അബൂദബി കോർണിഷിൽ ജനുവരി 17, 18 തീയതികളിൽ നടക്കും
യുഎഇ അന്താരാഷ്ട്ര ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പ് ഈ മാസം 17, 18 തീയതികളിൽ നടക്കുമെന്ന് അബൂദബി മറൈൻ സ്പോർട്സ് ക്ലബ് അറിയിച്ചു. അബൂദബി മറൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി കോർണിഷിലെ തരംഗങ്ങളിലാണ് ആവേശകരമായ സ്പീഡ്ബോട്ട് മത്സരങ്ങൾ അരങ്ങേറുന്നത്.
ലോകോത്തര സ്പീഡ്ബോട്ട് റേസർമാർ അണിനിരക്കുന്ന ചാമ്പ്യൻഷിപ്പിൽ യുഎഇ, സൗദി അറേബ്യ, സുഡാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള 12 പ്രമുഖ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. പവർബോട്ട് റേസിംഗിലെ കരുത്തും വേഗതയും പ്രകടമാക്കുന്ന ഈ മത്സരം കാണാൻ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ സമുദ്ര പൈതൃകവും ആധുനിക കായിക വിനോദങ്ങളും കോർത്തിണക്കിയാണ് അബൂദബി മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 17-ന് ആരംഭിക്കുന്ന മത്സരങ്ങൾ 18-ന് സമാപിക്കും. കായിക പ്രേമികൾക്ക് കോർണിഷിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ഗാലറികളിലിരുന്ന് മത്സരം വീക്ഷിക്കാൻ അവസരമുണ്ടാകും.
