യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്: പോളിസി പുതുക്കിയില്ലെങ്കിൽ വലിയ പിഴയൊടുക്കേണ്ടി വരും; നിർദ്ദേശവുമായി മന്ത്രാലയം
യുഎഇയിലെ സ്വദേശികളും വിദേശികളുമായ മുഴുവൻ ജീവനക്കാരും തങ്ങളുടെ തൊഴിൽ നഷ്ട ഇൻഷുറൻസ് (ILOE) പോളിസികൾ യഥാസമയം പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമ്മിപ്പിച്ചു. മൂന്ന് വർഷം മുൻപ് നിർബന്ധമാക്കിയ ഈ ഇൻഷുറൻസ് പദ്ധതിയിൽ ഭൂരിഭാഗം പേരും ജൂൺ മാസത്തിലാണ് അംഗങ്ങളായത്. അതിനാൽ തന്നെ കൃത്യസമയത്ത് പോളിസി പുതുക്കാത്തവർ വലിയ തുക പിഴ നൽകേണ്ടി വരും.
ഇൻഷുറൻസ് പോളിസി പുതുക്കാത്തവർക്ക് 200 ദിർഹവും, പദ്ധതിയിൽ ഇതുവരെ അംഗമാകാത്തവർക്ക് 400 ദിർഹവുമാണ് പിഴ ചുമത്തുക. ഈ തുക പിന്നീട് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നോ മറ്റ് ആനുകൂല്യങ്ങളിൽ നിന്നോ ഈടാക്കുന്നതാണ്. കൂടാതെ, പോളിസി പുതുക്കാത്തവർക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ (വർക്ക് പെർമിറ്റ്) ലഭിക്കുന്നതിനും തടസ്സമുണ്ടാകും.
2023 ജനുവരിയിൽ തുടക്കം കുറിച്ച തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രാജ്യത്തെ 90 ശതമാനത്തിലധികം ജീവനക്കാരും ഇതിനകം പങ്കാളികളായിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്ന ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാൻ സഹായിക്കുന്ന ഈ പദ്ധതി വഴി ഇതുവരെ 35 കോടി ദിർഹത്തിന്റെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതി തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ജീവനക്കാർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
- ആനുകൂല്യം ലഭിക്കുന്നതിനുള്ള യോഗ്യത: ഇൻഷുറൻസ് എടുത്ത് 12 മാസം പൂർത്തിയാക്കിയ ഒരു ജീവനക്കാരന് ജോലി നഷ്ടപ്പെട്ടാൽ, അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുക മൂന്ന് മാസത്തേക്ക് ധനസഹായമായി ലഭിക്കും.
- ശമ്പള പരിധിയും പ്രീമിയവും: പ്രതിമാസ അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കുറവാണെങ്കിൽ മാസത്തിൽ 5 ദിർഹവും (കാറ്റഗറി 1), 16,000 ദിർഹത്തിൽ കൂടുതലാണെങ്കിൽ മാസത്തിൽ 10 ദിർഹവുമാണ് (കാറ്റഗറി 2) പ്രീമിയം തുക. ജീവനക്കാരുടെ സൗകര്യപ്രകാരം ഈ തുക പ്രതിമാസമോ അല്ലെങ്കിൽ 3, 6, 12 മാസ ഇടവേളകളിൽ ഒന്നിച്ചോ അടയ്ക്കാവുന്നതാണ്.
- പരമാവധി ലഭിക്കുന്ന തുക: ജോലി നഷ്ടപ്പെടുന്ന പക്ഷം ആദ്യ വിഭാഗത്തിൽ പെട്ടവർക്ക് പ്രതിമാസം പരമാവധി 10,000 ദിർഹം വരെയും, രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്ക് പരമാവധി 20,000 ദിർഹം വരെയുമാണ് സഹായം ലഭിക്കുക.
- ഒഴിവാക്കപ്പെട്ടവർ: കമ്പനി ഉടമസ്ഥർ (ഇൻവെസ്റ്റേഴ്സ്), ഗാർഹിക ജോലിക്കാർ, താൽക്കാലിക കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ, 18 വയസ്സിന് താഴെയുള്ളവർ, പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്ന വിരമിച്ച ജീവനക്കാർ എന്നിവർക്ക് ഈ ഇൻഷുറൻസ് നിർബന്ധമില്ല.
- പുതുക്കേണ്ട വഴികൾ: www.iloe.ae എന്ന ഔദ്യോഗിക വെബ്സൈറ്റ്, ഐഎൽഒഇ (ILOE) മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയോ അൽ അൻസാരി എക്സ്ചേഞ്ച്, തഷീൽ, തൗജീഹ് കേന്ദ്രങ്ങൾ മുഖേനയോ ജീവനക്കാർക്ക് അഞ്ച് മിനിറ്റിനുള്ളിൽ സ്വന്തമായി പോളിസി പുതുക്കാവുന്നതാണ്.
