യു.എ.ഇ ദേശീയ ദിനം: ഡ്രൈവർമാർക്ക് ബ്ലാക്ക് പോയന്റ് ഇളവുമായി അബൂദബി പൊലീസ്
യു.എ.ഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡ്രൈവർമാർക്ക് ലൈസൻസിലെ ബ്ലാക്ക് പോയന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് അബൂദബി പൊലീസ് രംഗത്തെത്തി. ‘സുരക്ഷിതമായി ആഘോഷിക്കാം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിനിലൂടെ ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയന്റുകൾ വരെയാണ് കുറച്ചുനൽകുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി വാഹന ഉടമകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുകയും ട്രാഫിക് സുരക്ഷാ പ്രതിജ്ഞയിൽ ഒപ്പുവെക്കുകയും വേണം. താല്പര്യമുള്ള ഡ്രൈവർമാർക്ക് es.adpolice.gov.ae/celebratesafely എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
ഡിസംബർ ഒന്നു മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ യാതൊരുവിധ ട്രാഫിക് നിയമലംഘനങ്ങളോ അപകടങ്ങളോ വരുത്താതെ വാഹനമോടിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. കൂടാതെ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ അലങ്കരിക്കുന്നതിനായി പൊലീസ് പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
ദേശീയ ദിനാഘോഷ വേളകളിൽ നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് സമ്മാനങ്ങളോ ആനുകൂല്യങ്ങളോ നൽകുന്നത് സംബന്ധിച്ച് പൊലീസ് സാമൂഹിക മാധ്യമം വഴി പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇതിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. റോഡ് സുരക്ഷ വർധിപ്പിക്കാനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി.
