യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; അണിചേരാൻ ആഹ്വാനം ചെയ്ത് ശൈഖ് ഹംദാൻ

  1. Home
  2. International

യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; അണിചേരാൻ ആഹ്വാനം ചെയ്ത് ശൈഖ് ഹംദാൻ

uae solidarity


രാജ്യത്തിന്റെ ധീരതയെയും ജനങ്ങളും നേതൃത്വവും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തെയും ആദരിച്ചുകൊണ്ട് യുഎഇ ഇന്ന് ‘ഐക്യദാർഢ്യ ദിനം’ ആചരിക്കുകയാണ്. നാല് വർഷം മുമ്പ് അബുദാബിയിൽ നടന്ന ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിട്ടതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും ഏത് വെല്ലുവിളിയെയും നേരിടാനുള്ള സന്നദ്ധതയുടെയും തെളിവാണ് ഈ ദിനമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു.

ദേശീയ ഐക്യവും ശക്തിയും പ്രകടമാക്കുന്ന ഈ ദിനാചരണത്തിൽ പങ്കുചേരാൻ ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ജനങ്ങളോട് ആഹ്വാനം ചെയ്തു. എല്ലാ വർഷവും ജനുവരി 17-ന് യുഎഇയിലെ ജനങ്ങൾ ദേശീയ പതാകയ്ക്ക് പിന്നിൽ അഭിമാനത്തോടെ അണിനിരക്കുന്നുവെന്നും രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം പുതുക്കുന്നുവെന്നും അദ്ദേഹം തന്റെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചു. ഇന്ന് രാവിലെ 11-ന് ദേശീയ ഗാനം സംപ്രേഷണം ചെയ്യുന്ന സമയത്ത് അതിൽ പങ്കുചേരാനും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള പ്രതിജ്ഞ പുതുക്കാനും അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി അബുദാബിയിൽ ആരംഭിച്ച് ദുബായ്, ഷാർജ ഉൾപ്പെടെയുള്ള ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ചുകൊണ്ട് ആകാശ പ്രകടനങ്ങളും (Aerial displays) സംഘടിപ്പിക്കുന്നുണ്ട്. 2022 ജനുവരി 17-ന് അബുദാബി വിമാനത്താവളത്തിന് സമീപം നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ പൗരനും കൊല്ലപ്പെട്ടിരുന്നു. ഈ ദുരന്തസമയത്ത് രാജ്യം പ്രകടിപ്പിച്ച ഐക്യത്തെയും ഇരകളായവരോടുള്ള ആദരവിനെയും മുൻനിർത്തിയാണ് ജനുവരി 17 ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നത്.