ആറ് രാജ്യക്കാർക്കുകൂടി ഓൺ-അറൈവൽ വിസ ആനുകൂല്യം നൽകി യു.എ.ഇ

  1. Home
  2. International

ആറ് രാജ്യക്കാർക്കുകൂടി ഓൺ-അറൈവൽ വിസ ആനുകൂല്യം നൽകി യു.എ.ഇ

uae


ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, സൗത്ത് ആഫ്രിക്ക എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാർക്കുകൂടി യു.എ.ഇ ഓൺ-അറൈവൽ വിസ ആനുകൂല്യം പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ടുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും യു.എ.ഇയിൽ എത്തുമ്പോൾ 14 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ ഓൺ-അറൈവൽ വിസ ലഭിക്കും.

എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഇവർക്ക് യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, സിംഗപ്പൂർ, ജപ്പാൻ, കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് അല്ലെങ്കിൽ കാനഡ എന്നിവയിലൊന്നിന്റെ സാധുവായ റസിഡൻസ് പെർമിറ്റ് (താമസവിസ) ഉണ്ടായിരിക്കണം. സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും സാമ്പത്തിക-സാംസ്കാരിക കൈമാറ്റങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് വിദേശകാര്യ മന്ത്രാലയവും ഫെഡറൽ അതോറിറ്റിയും ചേർന്ന് പുതിയ ഇളവ് കൊണ്ടുവന്നത്.

പുതിയ ചട്ടപ്രകാരം 14 ദിവസത്തെ വിസ യു.എ.ഇയിൽ വെച്ച് തന്നെ ഒരു തവണ കൂടി നീട്ടാൻ സാധിക്കും. എന്നാൽ, 60 ദിവസത്തെ വിസ നീട്ടി നൽകില്ല. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരിൽ നിന്ന് പ്രതിദിനം 50 ദിർഹം വീതം പിഴ ഈടാക്കും. 14 ദിവസത്തെ വിസയ്ക്ക് 100 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹവുമാണ് ഇഷ്യൂവൻസ് ഫീസ്. യാത്രാ നടപടികൾ ലളിതമാക്കുന്നതിലൂടെ ബിസിനസ്, നിക്ഷേപം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായിക്കും.