കനത്ത ചൂടിലേക്ക് യുഎഇ; ജൂൺ 7 മുതൽ 'അൽ തുറയ്യ' വേനൽക്കാല സീസൺ ആരംഭിക്കും
യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്നും അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച (ജൂൺ 7) മുതൽ രാജ്യത്ത് 'അൽ തുറയ്യ' (Al Thuraya) സീസൺ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഈ സീസണിന്റെ വരവോടെയാണ് യുഎഇയിൽ കടുത്ത വേനൽക്കാലത്തിന് തുടക്കമാകുന്നത്.
ഓഗസ്റ്റ് അവസാനത്തോടെ 'സുഹൈൽ' സീസൺ ആരംഭിക്കുന്നത് വരെ രാജ്യത്ത് ചൂടുള്ള കാലാവസ്ഥ തുടരും. ജൂൺ 7 മുതൽ ജൂൺ 19 വരെ 13 ദിവസമാണ് തുറയ്യ സീസൺ നീണ്ടുനിൽക്കുക. ജൂലൈ 2 വരെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നും അൽ ജർവാൻ കൂട്ടിച്ചേർത്തു. ഈ കാലയളവിൽ പകൽ സമയത്തെ ശരാശരി താപനില 40 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രി കാലങ്ങളിൽ ശരാശരി താപനില 28 ഡിഗ്രി സെൽഷ്യസ് മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
തുറയ്യ സീസണിന് ശേഷം വേനൽക്കാലത്തിന്റെ തീവ്രത കൂട്ടുന്ന അൽഡെബറാൻ സീസണും, അതിന് പിന്നാലെ ജെമിനി, അൽ മർസം, അൽ കുലൈബിയീൻ സീസണുകളും കടന്നുവരും. ഈ സമയങ്ങളിൽ കടുത്ത ചൂടും വരൾച്ചയും അനുഭവപ്പെടുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ (ഹ്യുമിഡിറ്റി) അളവ് വലിയ രീതിയിൽ വർദ്ധിക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ വേനൽക്കാലത്തിന്റെ ഏറ്റവും കഠിനമേറിയ സമയങ്ങളായിരിക്കും. തുടർന്ന് ഓഗസ്റ്റ് അവസാനത്തോടെ സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ താപനില ക്രമേണ കുറഞ്ഞുതുടങ്ങുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി.
