ജി-7 ഉച്ചകോടിക്കിടെ യു.എ.ഇ.-ഇന്ത്യ ഉന്നതതല കൂടിക്കാഴ്ച; സാങ്കേതികവിദ്യയിലും എഐയിലും സഹകരണം ശക്തമാക്കും
ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും സാങ്കേതികവിദ്യ, നിർമിതബുദ്ധി (AI) തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി. സാങ്കേതികവിദ്യയും നിർമിതബുദ്ധിയും ഭാവി സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകശക്തികളാണെന്ന് ഇരുപക്ഷവും വിലയിരുത്തി.
സുസ്ഥിര വികസനവും പുരോഗതിയും കൈവരിക്കാൻ ഈ മേഖലകളിലെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ചട്ടക്കൂടിൽ നിന്നുകൊണ്ട് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ഉന്നമനത്തിനായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ നേതാക്കൾ തീരുമാനിച്ചു.
ജി-7 ഉച്ചകോടിയുടെ അജൻഡകൾക്ക് പുറമെ, ആഗോള വെല്ലുവിളികൾ നേരിടുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മിഡിലീസ്റ്റിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി. പരസ്പര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി തന്ത്രപരമായ സഹകരണം ശക്തമായി തുടരുമെന്ന് ഇരുവരും ആവർത്തിച്ചു വ്യക്തമാക്കി.
