ട്രംപുമായി ഫോണിൽ സംസാരിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

  1. Home
  2. International

ട്രംപുമായി ഫോണിൽ സംസാരിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

trump


യു.എ.ഇ പ്രസിഡന്റ് ഹിസ് ​​ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണ്ണമായ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക-അന്തർദേശീയ സമാധാനത്തിന് ഇവയുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' (WAM) റിപ്പോർട്ട് ചെയ്തു.

മേഖലയിലെ അസ്ഥിരത സമുദ്ര സുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഏതുതരത്തിൽ ബാധിക്കുമെന്ന കാര്യത്തിലും നേതാക്കൾ ആശങ്ക പങ്കുവെച്ചു. യു.എ.ഇ ഉൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങളിലെ സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഇരുപക്ഷവും ശക്തമായി അപലപിച്ചു. ഇത്തരം നീക്കങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി. പ്രാദേശിക സുരക്ഷയെ തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റിന് പുറമെ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും ശൈഖ് മുഹമ്മദ് വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം യു.എ.ഇയും ജോർദാനും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.