നേപ്പാളിന് യുഎഇയുടെ സഹായം; പ്രളയബാധിതർക്കുളള രണ്ടാമത്തെ ദുരിതാശ്വാസ വിമാനവും കാഠ്മണ്ഡുവിലെത്തി
പ്രളയവും ഉരുൾപൊട്ടലും കടുത്ത നാശം വിതച്ച നേപ്പാളിലേക്ക് യുഎഇ എയ്ഡ് ഏജൻസി മുഖേനയുള്ള രണ്ടാമത്തെ ദുരിതാശ്വാസ വിമാനവും എത്തിച്ചേർന്നു. 45 ടൺ വരുന്ന അടിയന്തര സഹായ സാമഗ്രികളാണ് കാഠ്മണ്ഡുവിൽ എത്തിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പ്രഖ്യാപിച്ച 10 ദശലക്ഷം ഡോളറിന്റെ ധനസഹായ പാക്കേജിന്റെ ഭാഗമായാണ് ഈ വിതരണം.
അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ, ദുരിതാശ്വാസ സാമഗ്രികൾ, പവർ ജനറേറ്ററുകൾ തുടങ്ങിയവയാണ് വിമാനത്തിലുണ്ടായിരുന്നത്. ദുരന്തം ഏറ്റവും കഠിനമായി ബാധിച്ച പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഈ സഹായങ്ങൾ വേഗത്തിൽ എത്തിക്കും. ദുരന്തബാധിതരെ സഹായിക്കാനായി യുഎഇയിൽ നിന്നുള്ള ആദ്യ ദുരിതാശ്വാസ വിമാനം കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാളിൽ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കൂടുതൽ സഹായങ്ങൾ കൈമാറിയിരിക്കുന്നത്.
