വിസ നടപടികൾ വേഗത്തിലാക്കാൻ വർക്ക് പെർമിറ്റ് സേവനങ്ങൾ നവീകരിച്ച് യുഎഇ
രാജ്യത്തെ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനായി വർക്ക് പെർമിറ്റ് സേവനങ്ങൾ ലളിതമാക്കി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിബന്ധനകൾ കുറച്ചും ഡിജിറ്റൽ സംവിധാനങ്ങൾ വിപുലീകരിച്ചുമാണ് മന്ത്രാലയം പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. യുഎഇ തൊഴിൽ വിപണിയുടെ കാര്യക്ഷമതയും മത്സരശേഷിയും വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇടപാടുകാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും കൂടുതൽ മാറ്റങ്ങൾ വരുത്തുക. ഇതിനായി ജൂലൈ 30 വരെ പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നിർദ്ദേശങ്ങൾ സമർപ്പിക്കാം. 'സീറോ ഗവൺമെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായി അനുബന്ധ രേഖകൾ സമർപ്പിക്കേണ്ട നിബന്ധനകൾ 100 ശതമാനവും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകളിൽ പൂരിപ്പിക്കേണ്ട വിവരങ്ങളിൽ 75 മുതൽ 97 ശതമാനം വരെ കുറവു വരുത്തി. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി ഇനി അപേക്ഷകൾ പൂർത്തിയാക്കാം.
ജോലിയുടെ സ്വഭാവമനുസരിച്ച് മന്ത്രാലയം നിലവിൽ 13 തരം വർക്ക് പെർമിറ്റുകളാണ് അനുവദിക്കുന്നത്:
- വിദേശ റിക്രൂട്ട്‌മെന്റ് പെർമിറ്റ്: വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ (കാലാവധി: 2 വർഷം).
- ട്രാൻസ്ഫർ പെർമിറ്റ്: യുഎഇക്ക് ഉള്ളിൽ തന്നെയുള്ള ജീവനക്കാരെ പുതിയ കമ്പനിയിലേക്ക് മാറ്റാൻ (കാലാവധി: 2 വർഷം).
- ഫാമിലി സ്പോൺസർഷിപ്പ് പെർമിറ്റ്: കുടുംബത്തോടൊപ്പം താമസിക്കുന്നവരെ ജോലിക്ക് വെക്കാൻ (കാലാവധി: 2 വർഷം).
- താത്കാലിക പെർമിറ്റ്: താൽക്കാലിക സ്വഭാവമുള്ള ജോലികൾക്കായി മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ.
- മിഷൻ പെർമിറ്റ്: നിർദ്ദിഷ്ട പ്രോജക്ടുകൾക്കായി താൽക്കാലികമായി വിദേശത്തുനിന്ന് ആളുകളെ കൊണ്ടുവരാൻ.
- പാർട്ട് ടൈം പെർമിറ്റ്: പ്രധാന തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ ഒന്നിലധികം കമ്പനികളിൽ ഒരേസമയം ജോലി ചെയ്യാൻ (കാലാവധി: 2 വർഷം).
- പ്രൈവറ്റ് ടൂഷൻ പെർമിറ്റ്: സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്കായി നൽകുന്നത്.
- ജുവനൈൽ പെർമിറ്റ്: 15-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ.
- വിദ്യാർത്ഥി പരിശീലന പെർമിറ്റ്: 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പരിശീലനത്തിനോ ജോലിക്കോ അവസരം നൽകാൻ.
- യുഎഇ/ജിസിസി പൗരന്മാർക്കുള്ള പെർമിറ്റ്: സ്വദേശികളെയും ജിസിസി പൗരന്മാരെയും നിയമിക്കാൻ (കാലാവധി: 2 വർഷം).
- ഗോൾഡൻ റെസിഡൻസി പെർമിറ്റ്: ഗോൾഡൻ വിസയുള്ളവരെ കമ്പനികളിൽ നിയമിക്കാൻ.
- സ്വദേശി ട്രെയിനി പെർമിറ്റ്: യുഎഇ സ്വദേശികൾക്ക് യോഗ്യതയ്ക്കനുസരിച്ച് പരിശീലനം നൽകാൻ.
- ഫ്രീലാൻസ് പെർമിറ്റ്: ഒരു കമ്പനിയുടെയും സ്പോൺസർഷിപ്പ് ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ.
