ശീതകാല രോഗങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ; ദേശീയ ബോധവൽക്കരണ ക്യാമ്പയിൻ ചൊവ്വാഴ്ച മുതൽ
ശീതകാലത്തോടനുബന്ധിച്ച് പനിക്കും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുമെതിരെ ബോധവൽക്കരണം ശക്തമാക്കാൻ യു.എ.ഇ ആരോഗ്യ മന്ത്രാലയം. 2026-2027 സീസണിലേക്കുള്ള 'നിങ്ങളെത്തന്നെ സംരക്ഷിക്കുക... നിങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുക' എന്ന ദേശീയ ക്യാമ്പയിന് ചൊവ്വാഴ്ച തുടക്കമാകും. എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ്, അബൂദബി-ദുബൈ-ഷാർജ ആരോഗ്യ വകുപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സീസണൽ ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളെയും അവയ്ക്കെതിരെയുള്ള മുൻകരുതലുകളെയും കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. പ്രായമായവർ, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യ പ്രവർത്തകർ എന്നീ മുൻഗണനാ വിഭാഗങ്ങളിൽ ക്യാമ്പയിൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, മാധ്യമങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴി പ്രതിരോധ മാർഗങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും.
സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് യു.എ.ഇ ഉയർന്ന ദേശീയ മുൻഗണനയാണ് നൽകുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അഹ്‌മദ് ബിൻ അലി അൽ സായെഗ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകുക, വായുസഞ്ചാരം ഉറപ്പാക്കുക, ആവശ്യാനുസരണം മാസ്ക് ധരിക്കുക, ശുപാർശ ചെയ്ത വാക്സിനുകൾ സ്വീകരിക്കുക തുടങ്ങിയ പ്രധാന പ്രതിരോധ നിർദേശങ്ങളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.
