വേപ്സ് വഴിയുള്ള ലഹരിക്കടത്ത് തടയാൻ യു.എ.ഇ; വിപുലമായ ജനബോധവൽക്കരണ പദ്ധതിക്ക് തുടക്കം
ഇ-സിഗരറ്റുകൾ (വേപ്സ്) കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ യു.എ.ഇയിൽ ശക്തമായ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു. യുവതലമുറയെ ലക്ഷ്യമിട്ട് വിപണിയിലെത്തുന്ന ഇ-സിഗരറ്റുകൾക്കുള്ളിൽ മയക്കുമരുന്ന് സാന്നിധ്യം ഒളിപ്പിച്ചുകടത്താനുള്ള സാധ്യത മുൻനിർത്തിയാണ്, കുടുംബങ്ങളെ ബോധവൽക്കരിക്കാൻ 'നാഷണൽ കാമ്പയിൻ ഫോർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ്' എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.
കൗമാരക്കാർക്കിടയിലെ വേപ്പിങ് ശീലം ലഹരി മാഫിയകൾ ചൂഷണം ചെയ്യുന്നതായാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇ-സിഗരറ്റുകളിലൂടെ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നത് മാതാപിതാക്കൾക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ കണ്ടെത്താൻ കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കഞ്ചാവ് ഓയിൽ ഉപയോഗിച്ചുള്ള വേപ്പുകൾ വിപണനം നടത്തിയ നിരവധി സംഘങ്ങളെ ഇതിനോടകം സുരക്ഷാ വിഭാഗം പിടികൂടിയിട്ടുണ്ട്. വേപ്പിങ് പൂർണ്ണമായും സുരക്ഷിതമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളാണ് കുട്ടികളെ ഇതിലേക്ക് വേഗത്തിൽ ആകർഷിക്കുന്നത്.
നിറപ്പകിട്ടാർന്ന പാക്കേജിങ്ങും ശാരീരിക പ്രത്യാഘാതങ്ങളും
ആകർഷകമായ സുഗന്ധങ്ങളും വർണ്ണാഭമായ രൂപകൽപ്പനയും കുട്ടികളിൽ കൗതുകമുണർത്തുന്നുണ്ടെന്ന് അബുദാബി ബുർജീൽ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. യസീദ് ആബിദ് അൽ ഖാലിഖ് ചൂണ്ടിക്കാട്ടി. ഇവയിലൂടെ അമിത അളവിൽ നിക്കോട്ടിനാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. ഇത് കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾക്കും ശ്രദ്ധക്കുറവിനും കാരണമാകുന്നതിനൊപ്പം ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാറുകൾ വരുത്തിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ ഗവൺമെന്റ് മീഡിയ ഓഫിസും നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയും സംയുക്തമായാണ് 'ഭീഷണിയെ തുടച്ചുനീക്കാൻ നമ്മൾ ഒന്നായി' എന്ന മുദ്രാവാക്യവുമായി ഈ കാമ്പയിൻ നയിക്കുന്നത്. രാജ്യത്തിന്റെ ദീർഘകാല മയക്കുമരുന്ന് വിരുദ്ധ നയത്തിന്റെ (2024-2031) ഭാഗമായാണ് ഈ പ്രവർത്തനം. കുട്ടികൾ വലിയ ലഹരി വിപത്തിലേക്ക് വീഴുന്നതിന് മുൻപ് തന്നെ അവരെ രക്ഷിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഡോ. സംയ അൽ മാമരി പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
