വിദ്യാലയങ്ങളിൽ എ.ഐ പാഠ്യപദ്ധതി നടപ്പാക്കാൻ യു.എ.ഇ; 22,000 അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും
രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും നിർമിത ബുദ്ധി (Artificial Intelligence) പാഠ്യപദ്ധതി നടപ്പാക്കാൻ യു.എ.ഇ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിദ്യാർഥികളിൽ എ.ഐ ഡേറ്റ, അൽഗോരിതം, എ.ഐ ആപ്ലിക്കേഷനുകൾ, സാങ്കേതികവിദ്യയുടെ ധാർമിക ഉപയോഗം, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുകയാണ് ലക്ഷ്യം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാഠ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപനം, മൂല്യനിർണയം, ലെസൺ പ്ലാനിങ് എന്നിവയിൽ എ.ഐ ടൂളുകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ 22,000 അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. പൊതുവിദ്യാലയങ്ങളിൽ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. കൂടാതെ, യു.എ.ഇ വികസിപ്പിച്ച ഈ എ.ഐ പാഠ്യപദ്ധതി മറ്റ് രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്കും അന്താരാഷ്ട്ര വിദ്യാഭ്യാസ സമൂഹത്തിനും ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.
വലിയ സാങ്കേതിക മാറ്റങ്ങൾ വരുന്ന ലോകത്ത് ഇന്നത്തെ കുട്ടികളെ പഴയ രീതിയിൽ പഠിപ്പിക്കാനാകില്ലെന്നും അധ്യാപകർ പുതിയ കഴിവുകൾ സ്വായത്തമാക്കണമെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വ്യക്തമാക്കി.
