200 കോടി ദിർഹമിന്റെ റോഡ് പദ്ധതിയുമായി യുഎഇ

  1. Home
  2. International

200 കോടി ദിർഹമിന്റെ റോഡ് പദ്ധതിയുമായി യുഎഇ

image


രാജ്യത്ത് വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് ദുബൈ ആർടിഎ. 200 കോടി ദിർഹമിന്റെ പദ്ധതിക്കാണ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഒരുങ്ങുന്നത്.ലത്തീഫ ബിൻത് ഹംദാൻ കൊറിഡോർ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.

12 കിലോമീറ്റർ നീളമുള്ള ഈ പുതിയ ഇടനാഴി ദുബൈയിലെ പ്രധാന ഹൈവേകളായ ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതാകും.പദ്ധതി നടപ്പിലാക്കുന്നതോടെ പ്രധാനമായും, ഉം അൽ ശീഫ് സ്ട്രീറ്റിനും എമിറേറ്റ്‌സ് റോഡിനും ഇടയിലുള്ള യാത്രാ സമയം 33 മിനിറ്റിൽ നിന്ന് വെറും 15 മിനിറ്റായി കുറയും. ഇത് വഴി യാത്രക്കാർക്ക് 54 ശതമാനം സമയ ലാഭമാണ് ഉണ്ടാവുക

2,300 മീറ്റർ നീളമുള്ള ഏഴ് പാലങ്ങളും 900 മീറ്റർ നീളമുള്ള എട്ട് തുരങ്കങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. 12.5 കിലോമീറ്റർ സൈക്കിൾ ട്രാക്കുകളും ഒരുക്കുന്നുണ്ട്. മണിക്കൂറിൽ ഏകദേശം 16,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പാത വഴി ദിവസവും 1,30,000-ത്തിലധികം വാഹനങ്ങൾ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

നാദ് അൽ ഷെബ, അൽ ബരാരി, ദുബൈ ഹിൽസ്, ഡിസ്ട്രിക്റ്റ് വൺ, ഗ്ലോബൽ വില്ലേജ് തുടങ്ങിയ പ്രധാന പാർപ്പിട വാണിജ്യ കേന്ദ്രങ്ങളിലെ ഏകദേശം 6,50,000 താമസക്കാർക്കും സന്ദർശകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.ദുബൈയുടെ ഗതാഗത സൗകര്യങ്ങളിൽ പുതിയൊരു മാറ്റത്തിനാണ് ഈ റോഡ് ഇടനാഴി വഴിയൊരുക്കുന്നത്.പദ്ധതി 2028 ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.