കഠിനമായ വേനലിൽ ഡെലിവറി ജീവനക്കാർക്ക് തണലൊരുക്കാൻ യു.എ.ഇ; രാജ്യത്തുടനീളം 12,000 എസി വിശ്രമകേന്ദ്രങ്ങൾ
യു.എ.ഇയിലെ കടുത്ത വേനൽക്കാലത്ത് ഡെലിവറി ജീവനക്കാർക്ക് വലിയ ആശ്വാസമേകുന്ന പദ്ധതിയുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). രാജ്യത്തുടനീളം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 12,000-ത്തിലധികം എസി വിശ്രമകേന്ദ്രങ്ങളാണ് മന്ത്രാലയം ഒരുക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന ഉച്ചവിശ്രമ നിയമം (Midday Break) ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊപ്പം ലോജിസ്റ്റിക്സ് മേഖലയുടെ സുഗമമായ പ്രവർത്തനവും ലക്ഷ്യമിട്ടാണ് തുടർച്ചയായ നാലാം വർഷവും ഈ കാമ്പയിൻ മന്ത്രാലയം നടപ്പിലാക്കുന്നത്.
ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരമായി ഒരു ഓഫീസോ പ്രവർത്തനകേന്ദ്രമോ ഇല്ലാത്ത ഡെലിവറി ജീവനക്കാരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. ഡെലിവറി ജീവനക്കാർക്ക് തങ്ങളുടെ മൊബൈൽ ഫോണിലെ ഇന്ററാക്ടീവ് മാപ്പുകൾ (Interactive Maps) വഴി തൊട്ടടുത്തുള്ള വിശ്രമകേന്ദ്രം എളുപ്പത്തിൽ കണ്ടെത്താനാകും.
ഗവൺമെന്റ്-സ്വകാര്യ പങ്കാളിത്തത്തിന്റെ മികച്ചൊരു മാതൃകയാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ദുബൈ ആർ.ടി.എ (RTA), അബൂദബി മൊബിലിറ്റി, വിവിധ എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകൾ എന്നിവയ്ക്ക് പുറമെ പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമുകളായ തലാബത്ത്, ഡെലിവറൂ, നൂൺ, കരീം, കീറ്റ എന്നിവയും നിരവധി ഷോപ്പിങ് മാളുകളും റെസ്റ്റോറന്റുകളും ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.
