ആകാശം കീഴടക്കാൻ യുഎഇയുടെ എയര്‍ടാക്‌സികള്‍
ആകാശ ഗതാഗത രംഗത്ത് പുതിയ മുന്നേറ്റവുമായി യുഎഇ. ഇലക്ട്രിക് വിമാനങ്ങളുടെ രൂപകൽപന, പരീക്ഷണം, സർട്ടിഫിക്കേഷൻ, നിർമാണം എന്നിവ ഉൾപ്പെടുന്ന വ്യവസായ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് അബുദാബിയിൽ തുടക്കമായി.
ഫ്‌ലയിങ് ടാക്‌സികൾ ഉപയോഗിക്കുന്നതിനോടൊപ്പം അവയുടെ രൂപകൽപന, നിർമാണം, കയറ്റുമതി എന്നിവയുടെ ആഗോള കേന്ദ്രമാകാനാണ് യു എ ഇ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അൽ ഐനെ വിമാന പരീക്ഷണ-സർട്ടിഫിക്കേഷൻ കേന്ദ്രമായി വികസിപ്പിക്കുകയും എൻജിനിയറിങ് കേന്ദ്രങ്ങൾ, നിർമാണശാലകൾ, ഗവേഷണ-ടെസ്റ്റിങ് സൗകര്യങ്ങൾ എന്നിവ ഒരുക്കുകയും ചെയ്യും.
ഇതിനായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, അബുദാബി മൊബിലിറ്റി, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് എന്നിവ സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിംസ് കൗൺസിലിന്റെ നേതൃത്വത്തിൽ പുതിയ സഹകരണ കരാറിൽ ഒപ്പുവച്ചു.
മെയ്ഡ് ഇൻ അബുദാബി പദ്ധതിയുടെ ഭാഗമായി 36,930 കോടി ദിർഹത്തിന്റെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. 2027ഓടെ സ്മാർട്ട്, അഡ്വാൻസ്ഡ് മൊബിലിറ്റി മേഖലയിൽ 1,104 കോടി ദിർഹത്തിന്റെ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തുന്നു.
'ഓപ്പറേഷൻ 300 ബില്യൺ' പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് ഡെവലപ്മെന്റ് ബാങ്ക് 3,000 കോടി ദിർഹം വരെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്കുമായി ചേർന്ന് കരയിലെയും കടലിലെയും പ്രവർത്തന കേന്ദ്രങ്ങളെ ഇലക്ട്രിക് വിമാനങ്ങളിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.
അതേസമയം, സ്‌പേസ് 42, വെർസ എയ്‌റോസ്‌പേസ് എന്നിവയുമായുള്ള പുതിയ സഹകരണങ്ങളിലൂടെ ദേശീയ നാവിഗേഷൻ സംവിധാനങ്ങളും സ്വയംനിയന്ത്രിത കര, നാവിക, വ്യോമ ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കാനും യുഎഇ ഒരുങ്ങുകയാണ്.
