യുഎഇയിലെ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി; ഇനി 'തഹ്‌നൂൻ ഇന്റർനാഷണൽ എയർപോർട്ട്'
യുഎഇയിലെ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'തഹ്‌നൂൻ ഇന്റർനാഷണൽ എയർപോർട്ട്' എന്ന് പുനർനാമകരണം ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയത്. അന്തരിച്ച മുൻ അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ രാജ്യത്തിനു നൽകിയ നിസ്തുലമായ സേവനങ്ങളെ ആദരിച്ചാണ് ഈ സുപ്രധാന തീരുമാനം.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അടുത്ത വിശ്വസ്തനും ഉപദേശകനുമായിരുന്ന ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ്, അഞ്ച് പതിറ്റാണ്ടിലേറെക്കാലം കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അൽ ഐൻ മേഖലയുടെ നവീകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും സർക്കാർ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ച അദ്ദേഹം 2024 മെയ് ഒന്നിനാണ് അന്തരിച്ചത്. അബൂദബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) ചെയർമാൻ ഉൾപ്പെടെ രാജ്യത്തിന്റെ നിരവധി ഉന്നത പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. വിമാനത്താവളം ഇന്ന് മുതൽ പുതിയ പേരിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
