യു.എ.ഇ. സാമ്പത്തിക കുതിപ്പിൽ; ബാങ്കിങ് ആസ്തി 5.47 ലക്ഷം കോടി ദിർഹം കടന്നു

  1. Home
  2. International

യു.എ.ഇ. സാമ്പത്തിക കുതിപ്പിൽ; ബാങ്കിങ് ആസ്തി 5.47 ലക്ഷം കോടി ദിർഹം കടന്നു

uae


ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കരുത്തുറ്റ വളർച്ചയുമായി യു.എ.ഇ. സമ്പദ്‌വ്യവസ്ഥ. ഈ വർഷം ആദ്യപാദത്തിൽ ബാങ്കിങ് മേഖലയിലും വിദേശ നിക്ഷേപ രംഗത്തും ഉണ്ടായ വൻ കുതിച്ചുചാട്ടം രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയുടെ പുതിയ തലങ്ങളിലേക്ക് നയിച്ചു. യു.എ.ഇ. സെൻട്രൽ ബാങ്കിന്റെ (CBUAE) കണക്കുകൾ പ്രകാരം ഫെബ്രുവരിയിലെ മൊത്തം ബാങ്കിങ് ആസ്തി 5.47 ലക്ഷം കോടി ദിർഹമായി ഉയർന്നു. ജനുവരിയെ അപേക്ഷിച്ച് 1.1 ശതമാനം വർദ്ധനയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ബാങ്ക് നിക്ഷേപങ്ങൾ 3.4 ലക്ഷം കോടി ദിർഹമായി ഉയർന്നതും താമസക്കാരുടെ നിക്ഷേപങ്ങളിലെ വർദ്ധനവും ബാങ്കിങ് മേഖലയുടെ സാമ്പത്തിക ഭദ്രതയ്ക്ക് അടിവരയിടുന്നു.

ഫോർബ്‌സിന്റെ ലോകത്തെ മികച്ച ബാങ്കുകളുടെ പട്ടികയിൽ യു.എ.ഇ. ബാങ്കുകൾ ഇടംപിടിച്ചതും അന്താരാഷ്ട്ര ഏജൻസികൾ രാജ്യത്തിന് ഉയർന്ന ക്രെഡിറ്റ് റേറ്റിങ് നൽകിയതും ശ്രദ്ധേയമാണ്. 2031-ഓടെ എണ്ണയിതര വ്യാപാരം നാലുലക്ഷം കോടി ദിർഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിലിപ്പീൻസ്, നൈജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി യു.എ.ഇ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിൽ (CEPA) ഒപ്പുവെച്ചിട്ടുണ്ട്. ആഗോള ചരക്കുകയറ്റുമതിയിൽ ഒൻപതാം സ്ഥാനത്തെത്തിയ യു.എ.ഇ.യുടെ എണ്ണയിതര വ്യാപാരം കഴിഞ്ഞ വർഷം 27 ശതമാനം വർദ്ധിച്ച് 3.8 ലക്ഷം കോടി ദിർഹമായി. അഡ്‌നോക് പോലുള്ള സ്ഥാപനങ്ങളുടെ ആസ്തി വർദ്ധനവും ജി.ഡി.പി.യുടെ 184 ശതമാനത്തോളം വരുന്ന ഗവൺമെന്റ് ഏകീകൃത ആസ്തികളും രാജ്യത്തിന്റെ കരുത്തായി മാറുന്നു.

നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തമായതോടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 14.5 ലക്ഷം കടന്നു. ദുബായ് ചേംബറിൽ മാത്രം മാർച്ചിൽ 2,709 പുതിയ കമ്പനികളാണ് എത്തിയത്. അജ്മാനിലും ഷാർജയിലും പുതിയ ലൈസൻസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ട്. ഷാർജയിൽ പുതുക്കിയ ലൈസൻസുകളുടെ എണ്ണത്തിൽ പ്രതിവർഷം ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തുന്നു. ഗ്ലോബൽ ഫിനാൻഷ്യൽ സെന്റേഴ്‌സ് ഇൻഡെക്സിൽ ദുബായ് ഉയർന്ന റാങ്കിങ് നിലനിർത്തുന്നത് വഴി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രമായി യു.എ.ഇ. മാറിയിരിക്കുകയാണ്.