ആഡംബര യാത്രയുമായി ‘ഊബർ ബ്ലാക്ക്’ ബഹ്‌റൈനിൽ; ട്രയൽ റൺ തുടങ്ങി
ബഹ്‌റൈനിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രീമിയം ടാക്സി സർവീസായ 'ഊബർ ബ്ലാക്ക്' പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. ഗതാഗത-ടെലികോം മന്ത്രാലയവും ഊബറും സംയുക്തമായാണ് ഈ വി.ഐ.പി യാത്രാ സൗകര്യം ഒരുക്കുന്നത്. ലൈസൻസുള്ള പ്രത്യേക കമ്പനികളുമായി സഹകരിച്ച്, തുടക്കത്തിൽ നിശ്ചിത കേന്ദ്രങ്ങളിലാണ് സർവീസ് ലഭ്യമാക്കുകയെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദഈൻ വ്യക്തമാക്കി.
അത്യാധുനിക ആഡംബര വാഹനങ്ങളും പ്രൊഫഷണൽ ഡ്രൈവർമാരുമാണ് ഊബർ ബ്ലാക്കിന്റെ പ്രധാന ആകർഷണം. മന്ത്രാലയത്തിന്റെ കർശനമായ സുരക്ഷാ-സാങ്കേതിക പരിശോധനകൾക്ക് ശേഷമാണ് ഈ വാഹനങ്ങൾ നിരത്തിലിറക്കുന്നത്. പുതിയ സംരംഭം രാജ്യത്തെ ഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുമെന്നും ഊബർ ബഹ്‌റൈൻ ജനറൽ മാനേജർ യൂസഫ് അബു സൈഫ് പറഞ്ഞു.
ബിസിനസ്സ് യാത്രകൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ക്രമീകരണം. യാത്രക്കാർക്ക് വണ്ടിയിലെ താപനില മുൻകൂട്ടി നിശ്ചയിക്കാനും, ഡ്രൈവറുമായി സംസാരിക്കാതെ ശാന്തമായി യാത്ര ചെയ്യാൻ ‘ക്വയറ്റ് മോഡ്’ തെരഞ്ഞെടുക്കാനും ഊബർ ആപ്പിലൂടെ സാധിക്കും. പ്രീമിയം വിഭാഗത്തിൽപ്പെടുന്ന സർവീസായതിനാൽ സാധാരണ ടാക്സികളേക്കാൾ കൂടിയ നിരക്കായിരിക്കും ഊബർ ബ്ലാക്കിന് ഈടാക്കുക.
