ആത്മഹത്യാ നിരക്ക് കൂടുന്നു; പാരസെറ്റാമോൾ അടങ്ങിയ മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കാൻ നീക്കവുമായി യു കെ സർക്കാർ

  1. Home
  2. International

ആത്മഹത്യാ നിരക്ക് കൂടുന്നു; പാരസെറ്റാമോൾ അടങ്ങിയ മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കാൻ നീക്കവുമായി യു കെ സർക്കാർ

PARACETAMOLE


ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ പാരസെറ്റാമോൾ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാനുള്ള നീക്കവുമായി യു കെ സർക്കാർ. ദേശീയ ആത്മഹത്യാ തടയൽ നയത്തിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും ആത്മഹത്യാ രീതികളെക്കുറിച്ച് അവബോധം നൽകുന്നതിനുള്ള ജാഗ്രതാ സംവിധാനങ്ങളും പുതിയ നയത്തിൽ ചർച്ചചെയ്യുന്നുണ്ട്.

കടകളിൽ നിന്ന് പാരസെറ്റാമോൾ വാങ്ങുന്നതിന്റെ നിരക്ക് കുറയ്ക്കാൻ സാധിച്ചാൽ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമോയെന്ന് വിദഗ്ദരോട് ആരാഞ്ഞതായി നയത്തിൽ വ്യക്തമാക്കുന്നു. നിലവിൽ രണ്ട് പാക്കറ്റ് പാരസെറ്റാമോൾ വരെയാണ് കടകളിൽ നിന്ന് ലഭ്യമാവുന്നത്. 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിലായി ഉണ്ടാവുക. ഇതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ മെഡിസിൻ ആന്റ് ഹെൽത്ത് കെയർ പ്രോഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. കാംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസ് 2018ൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം രാജ്യത്ത് ആത്മഹത്യകളിൽ കൂടുതലും പാരസെറ്റാമോൾ അമിതമായി കഴിച്ചുള്ള മരണങ്ങളാണ്. അമിതമായി പാരസെറ്റാമോൾ ഉപയോഗിക്കുന്നത് കരൾ തകരാറിലാകാൻ കാരണമാവുമെന്നും പഠനം കണ്ടെത്തിയിരുന്നു.രാജ്യത്ത് വർഷം 5000 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് നാഷണൽ ഹെൽത്ത് സർവീസും വ്യക്തമാക്കുന്നു.