യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍
യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് എഴുതിയ തുറന്ന കത്തിലൂടെയാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇക്കാര്യം ആവശ്യപ്പെട്ടത്. പുടിന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സെലന്‍സ്‌കി തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. റഷ്യയിലെ വന്‍ നഗരത്തിന് നേരെ യുക്രൈന്‍ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് സെലന്‍സ്‌കിയുടെ തുറന്ന കത്ത്.
യുദ്ധം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സന്നദ്ധമാണെന്ന് സെലന്‍സ്‌കി കത്തില്‍ വ്യക്തമാക്കി. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ യുദ്ധം ഒഴിവാക്കണമെന്നാണ് യുക്രൈന്‍ ആഗ്രഹിക്കുന്നത്. മൂന്നാമതൊരു രാജ്യത്ത് വെച്ച് കൂടിക്കാഴ്ച നടക്കണം. അതിന്റെ തീയതി നിശ്ചയിക്കണം. കൂടിക്കാഴ്ചകളുടെ സമയത്ത് പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ നിലവിലുണ്ടാവണം. 'പരസ്പരം സംസാരിച്ചു തുടങ്ങാനുള്ള ഏറ്റവും നല്ല മാര്‍ഗം യഥാര്‍ത്ഥമായ നിശബ്ദത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.
സെലെന്‍സ്‌കിയുടെ കത്ത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പുടിനെ ധരിപ്പിക്കുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി 'ടാസ്' റിപ്പോര്‍ട്ട് ചെയ്തു. പുടിനെ കാണണമെങ്കില്‍ സെലെന്‍സ്‌കിക്ക് മോസ്‌കോയിലേക്ക് വരാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, റഷ്യന്‍ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് സെലെന്‍സ്‌കി ആവര്‍ത്തിച്ചു.
