കരിങ്കടലിൽ എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോണാക്രമണം; 23 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി
റഷ്യൻ കരിങ്കടൽ തീരത്തുണ്ടായ യുക്രൈൻ ഡ്രോണാക്രമണത്തിൽ തീപ്പിടിച്ച ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിൽ നിന്ന് 23 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. റഷ്യയിലെ തെക്കൻ ക്രാസ്‌നോദാർ മേഖലയിലെ സിറിയസ് ഫെഡറൽ ടെറിട്ടറി തീരത്ത് ചൊവ്വാഴ്ചയാണ് 'അഫ്രാമാക്‌സ് റിയോ' എന്ന ടാങ്കറിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യൻ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു.
റഷ്യൻ അഗ്നിരക്ഷാ സേനയുടെയും രക്ഷാപ്രവർത്തകരുടെയും അടിയന്തര ഇടപെടലിലൂടെയാണ് മുഴുവൻ ജീവനക്കാരെയും പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ ബീച്ചുകൾ അടയ്ക്കുകയും തീരപ്രദേശങ്ങളിലേക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം കരിങ്കടൽ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
