ഡിജിറ്റൽ പ്രതിരോധം ശക്തമാക്കാൻ യുഎൻ; റിയാദിൽ പുതിയ ആഗോള സൈബർ സുരക്ഷാ ഓഫീസ് യാഥാർത്ഥ്യമായി
അന്താരാഷ്ട്ര തലത്തിൽ വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളെ പ്രതിരോധിക്കാൻ നിർണായക ചുവടുവെപ്പുമായി ഐക്യരാഷ്ട്രസഭ. സൈബർ പ്രതിരോധം കൂടുതൽ ആധുനികമാക്കുക എന്ന ലക്ഷ്യത്തോടെ യുഎൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് റിസർച്ചിന്റെ (UNITAR) ആദ്യത്തെ പ്രത്യേക സൈബർ സുരക്ഷാ കേന്ദ്രം സൗദി തലസ്ഥാനമായ റിയാദിൽ പ്രവർത്തനം ആരംഭിച്ചു. ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനായി ഗവേഷണം, പരിശീലനം, നയരൂപീകരണം, അറിവ് പങ്കുവെക്കൽ എന്നിവ ഏകോപിപ്പിക്കുന്ന പ്രധാന ആഗോള ഹബ്ബായി ഈ ഓഫീസ് മാറും. ജപ്പാനിലെ ഹിരോഷിമ, ജർമ്മനിയിലെ ബോൺ എന്നിവയ്ക്ക് ശേഷം യുഎൻഐടിഎആർ സ്ഥാപിക്കുന്ന മൂന്നാമത്തെ ആഗോള ഓഫീസാണിത്.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഉയരുന്ന സൈബർ വെല്ലുവിളികളെ നേരിടാൻ കൂട്ടായ ആഗോള പങ്കാളിത്തം അനിവാര്യമാണെന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലും യുഎൻഐടിഎആർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മിഷേൽ ഗൈൽസ് മക്ഡൊണോ വ്യക്തമാക്കി. സൈബർ സുരക്ഷാ രംഗത്ത് ഒരു രാജ്യത്തിനും ഒറ്റയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്നും, ഈ മേഖലയിൽ സൗദി അറേബ്യ കൈവരിച്ച വലിയ പുരോഗതിക്കുള്ള അംഗീകാരമാണ് റിയാദിലെ പുതിയ ഓഫീസെന്നും അവർ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റിയുമായി (NCA) കൈകോർത്താണ് ഈ പുതിയ യുഎൻ ഓഫീസ് പ്രവർത്തിക്കുക. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനൊപ്പം മനുഷ്യശേഷിയിലും സ്ഥാപനങ്ങളിലും നിക്ഷേപം ഇറക്കിയാൽ മാത്രമേ മികച്ച ഡിജിറ്റൽ പ്രതിരോധം സാധ്യമാകൂ എന്ന് എൻസിഎ ഗവർണർ മാജിദ് അൽ മസ്യീദ് ചടങ്ങിൽ ചൂണ്ടിക്കാട്ടി. യുഎന്നുമായി ചേർന്ന് രാജ്യം രൂപീകരിച്ച ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ സൈബർസ്പേസ്, അറബ് സൈബർ സെക്യൂരിറ്റി മിനിസ്റ്റേഴ്സ് കൗൺസിൽ എന്നിവയ്ക്ക് പുറമെ പുതിയ ഓഫീസ് കൂടി എത്തുന്നതോടെ അന്താരാഷ്ട്ര സൈബർ സുരക്ഷാ ചർച്ചകളുടെയും നയങ്ങളുടെയും പ്രധാന കേന്ദ്രമായി സൗദി അറേബ്യ മാറും.
