വാഹനങ്ങളിൽ അനുമതിയില്ലാത്ത സ്റ്റിക്കർ: പരിശോധന കർശനമാക്കി സൗദി ട്രാഫിക്; 2,000 റിയാൽ വരെ പിഴ

  1. Home
  2. International

വാഹനങ്ങളിൽ അനുമതിയില്ലാത്ത സ്റ്റിക്കർ: പരിശോധന കർശനമാക്കി സൗദി ട്രാഫിക്; 2,000 റിയാൽ വരെ പിഴ

saudi


സൗദി അറേബ്യയിൽ മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ സ്റ്റിക്കറുകളോ പരസ്യങ്ങളോ പതിപ്പിക്കുന്നവർക്കെതിരെ ട്രാഫിക് വിഭാഗം (മുറൂർ) പരിശോധന കർശനമാക്കി. വാഹനത്തിന്റെ യഥാർഥ രൂപത്തിൽ മാറ്റം വരുത്തുന്നതോ ഡ്രൈവർക്ക് തടസ്സമുണ്ടാക്കുന്നതോ ആയ സ്റ്റിക്കറുകൾ നിയമലംഘനമായി കണക്കാക്കും. റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇതിനകം നിരവധി പേർക്ക് പിഴ ലഭിച്ചു. നിയമലംഘനം കണ്ടെത്തിയാൽ സ്റ്റിക്കറുകൾ നീക്കം ചെയ്യിക്കുന്നതിനൊപ്പം 100 മുതൽ 2,000 റിയാൽ വരെ പിഴ ചുമത്തുകയും ചെയ്യും.

വാഹനത്തിന്റെ ഗ്ലാസുകളിലോ ബോഡിയിലോ എഴുത്തുകളോ സ്റ്റിക്കറുകളോ പതിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. വാണിജ്യ ആവശ്യങ്ങൾക്കായി കമ്പനികളുടെ ലോഗോയോ ഫോൺ നമ്പറോ പതിപ്പിക്കണമെങ്കിൽ വാണിജ്യ മന്ത്രാലയത്തിന്റെയും ട്രാഫിക് വിഭാഗത്തിന്റെയും മുൻകൂർ അനുമതി പത്രം വാഹനത്തിൽ കരുതണം. പൊതുമര്യാദകൾക്ക് നിരക്കാത്ത ഉള്ളടക്കങ്ങൾ, നമ്പർ പ്ലേറ്റോ ലൈറ്റോ മറയ്ക്കുന്ന രീതിയിലുള്ള അലങ്കാരങ്ങൾ എന്നിവയ്ക്കും കർശന നിരോധനമുണ്ട്. ഇത്തരം സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങൾ വാർഷിക പരിശോധനയിൽ (ഫഹസ്) പരാജയപ്പെടാനും സാധ്യതയുണ്ട്.

ദേശീയ ദിനം (സെപ്റ്റംബർ 23), ഫൗണ്ടേഷൻ ദിനം (ഫെബ്രുവരി 22) എന്നീ ആഘോഷവേളകളിൽ അലങ്കാരങ്ങൾ അനുവദനീയമാണെങ്കിലും കാഴ്ച മറയ്ക്കുന്ന രീതിയിലാകരുത് ഇവ സ്ഥാപിക്കേണ്ടത്. ആഘോഷത്തിന് ശേഷം ഇവ ഉടൻ നീക്കം ചെയ്യണം. അതേസമയം, വാഹന പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന 'ഫഹസ്' സ്റ്റിക്കറുകൾ മുൻവശത്തെ ഗ്ലാസിൽ കൃത്യമായി പതിപ്പിച്ചിരിക്കണം.