മസ്‌കത്തിൽ ഏകീകൃത വിലാസ സംവിധാനം പ്രാബല്യത്തിലേക്ക്; 'നാഷണൽ അഡ്രസിങ് പ്രോജക്ട്' അവസാന ഘട്ടത്തിൽ
മസ്‌കത്ത് ഗവർണറേറ്റിൽ വിലാസങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ബൃഹത്തായ 'നാഷണൽ അഡ്രസിങ് പ്രോജക്ട്' (National Addressing Project) പ്രാവർത്തിക ഘട്ടത്തിലേക്ക് കടക്കുന്നു. കൃത്യമായ ഭൂപട വിവരശേഖരണത്തിന്റെ സഹായത്തോടെ സുൽത്താനേറ്റിലുടനീളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏകീകൃത വിലാസ സംവിധാനം കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തെരുവുകൾക്ക് പേരിടൽ, കെട്ടിടങ്ങളിലും റോഡുകളിലും സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ വേഗത്തിൽ പുരോഗമിക്കുകയാണ്.
ഭവന-നഗരാസൂത്രണ മന്ത്രാലയം, മസ്‌കത്ത് ഗവർണറേറ്റ്, മസ്‌കത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ വിവിധ വിലായത്തുകളിൽ തെരുവുകൾക്ക് പേരിടുന്നതും വിവരങ്ങൾ ശേഖരിക്കുന്നതുമായ ജോലികൾ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെയും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം നിലനിർത്തിക്കൊണ്ടാണ് പേരുകൾ നൽകുന്നത്. ഖുറിയാത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടത്തിയ ഫീൽഡ് സർവേ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പദ്ധതി മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.
'നാഷണൽ അഡ്രസിങ് സിസ്റ്റം പബ്ലിഷിങ് ആൻഡ് അവൈലബിലിറ്റി' ആപ്പ് വഴിയും വിവിധ ഡിജിറ്റൽ നാവിഗേഷൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ഇനി മുതൽ വിലാസങ്ങൾ കൃത്യമായി കണ്ടെത്താനാകും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ലോജിസ്റ്റിക്സ്, കൊറിയർ ഡെലിവറി മേഖലകളിലെ കാലതാമസം ഒഴിവാക്കാനും അത്യാഹിത ഘട്ടങ്ങളിൽ സഹായമെത്തിക്കാനും സാധിക്കും. കൂടാതെ വിദേശ നിക്ഷേപകർക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വാണിജ്യ രജിസ്ട്രേഷൻ, ലൈസൻസിങ് നടപടികൾ വേഗത്തിലാക്കാനും ഇത് വഴിയൊരുക്കും. സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി കെട്ടിട ഉടമകൾക്ക് അറിയിപ്പ് നൽകുമെന്നും ഫീൽഡ് ജീവനക്കാരുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
