ഉഭയകക്ഷി സന്ദർശനത്തിനായി കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിങ് റിയാദിലെത്തി

  1. Home
  2. International

ഉഭയകക്ഷി സന്ദർശനത്തിനായി കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിങ് റിയാദിലെത്തി

keerthy vardhan singh


സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി കീർത്തി വർധൻ സിങ് റിയാദിലെത്തി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ വിപുൽ, സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അന്താരാഷ്ട്രകാര്യ ഉപമന്ത്രി ഡോ. താരിഖ് അൽ ഹമദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

സന്ദർശന വേളയിൽ സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഭരണാധികാരികളുമായും അദ്ദേഹം സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും. കൂടാതെ, രാജ്യത്തെ ബിസിനസ് പ്രമുഖരുമായും ഇന്ത്യൻ പ്രവാസി സമൂഹവുമായും മന്ത്രി ആശയവിനിമയം നടത്തും.

സന്ദർശനത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഓൾ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റി ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച വൈകുന്നേരം 6.45-ന് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷൻ അങ്കണത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക പരിപാടികളും അത്താഴവിരുന്നും ഉൾപ്പെടുന്ന ചടങ്ങിലേക്ക് പ്രവാസി ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.