യുഎഇയിൽ തിങ്കൾ വരെ അസ്ഥിര കാലാവസ്ഥ; മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് എൻഎംസി, ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലീസ്
യുഎഇയിൽ വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ മഴയ്ക്കും ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച മുതൽ ആകാശം മേഘാവൃതമായി തുടരും. വെള്ളി, ശനി ദിവസങ്ങളിൽ കാറ്റും പൊടിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറഞ്ഞേക്കാം. ഞായറാഴ്ചയോടെ മഴ ശക്തമാകാനും കാറ്റ് വീശാനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അസ്ഥിര കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ദുബൈ പൊലീസ് ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും താഴ്വാരങ്ങളിൽ (Wadi) നിന്നും മാറിനിൽക്കണം. നദീതടങ്ങൾ മുറിച്ചുകടക്കാൻ ശ്രമിക്കരുത്. ബീച്ചുകളിൽ പോകുന്നവർ അധികൃതർ നൽകുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും മറ്റ് സഹായങ്ങൾക്കായി 901 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
