അസ്ഥിര കാലാവസ്ഥ; ഷാർജയിൽ ഇന്ന് പൊതു പാർക്കിംഗ് സൗജന്യം
യുഎഇയിൽ തുടരുന്ന അസ്ഥിര കാലാവസ്ഥയെത്തുടർന്ന് ഷാർജയിൽ ഇന്ന് (തിങ്കളാഴ്ച) പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്നുണ്ടായ അസ്ഥിരമായ കാലാവസ്ഥയിൽ താമസക്കാരുടെയും സന്ദർശകരുടെയും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഷാർജയിലെ എല്ലാ പൊതു പാർക്കിംഗ് മേഖലകൾക്കും ഈ ഇളവ് ബാധകമാണ്. ആഴ്ചയിലുടനീളവും ഔദ്യോഗിക അവധി ദിവസങ്ങളിലും സാധാരണയായി പാർക്കിംഗ് ഫീസ് ഈടാക്കാറുള്ള 'ബ്ലൂ ഇൻഫോർമേഷൻ ബോർഡുകൾ' സ്ഥാപിച്ച സോണുകളിലും ഇന്ന് പണം നൽകേണ്ടതില്ല. കാലാവസ്ഥാ മാറ്റങ്ങൾ വിലയിരുത്തിയ ശേഷം പെെയ്ഡ് പാർക്കിംഗ് എന്ന് പുനരാരംഭിക്കുമെന്ന് അധികൃതർ പിന്നീട് അറിയിക്കും.
മഴയെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനും ഈ നീക്കം സഹായകമാകും. അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഷാർജ മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചു.
