ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽ യാത്ര പാടില്ലെന്നും അമേരിക്ക
ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്കയുടെ അടിയന്തര നിർദേശം. അടിയന്തര ആവശ്യം ഉള്ള ജീവനക്കാർ ഒഴികെ ഉള്ള ജീവനക്കാരും കുടുംബങ്ങളും ഇസ്രയേൽ വിടണമെന്ന് യു എസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്രായേലിൽ തുടരുന്നവർ പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുത്. ഇറാൻ ആക്രമണ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് മുന്നറിയിപ്പ് എന്നതാണ് ശ്രദ്ധേയം. എന്നാൽ തീവ്രവാദ ആക്രമണ ഭീഷണിയാണ് ഇസ്രയേൽ വിടാനുള്ള നിർദ്ദേശം നൽകിയതിന്‍റെ കാരണമായി യു എസ് ഔദ്യോഗികമായി പറയുന്നത്. ഇറാനെതിരായ ആക്രമണ നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. യു എസ് എസ് ജെറാൾഡ് ഫോർഡ് കൂടി എത്തിയതോടെ ഇറാനെ യു എസ് ആക്രമിക്കുന്ന സാഹചര്യമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഇറാന്‍റെ ആദ്യ തിരിച്ചടി ഇസ്രയേലിലേക്കാകും. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്കയുടെ അടിയന്തര നിർദേശമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന ചർച്ചകൾ തുടരുന്നുവെന്നാണ് അമേരിക്കയുടെ പക്ഷം.
