ഇറാനിലെ ബന്ദർ അബ്ബാസിൽ യു.എസ് വ്യോമാക്രമണം, എട്ട് ഇറാൻ സൈനികർ കൊല്ലപ്പെട്ടു

  1. Home
  2. International

ഇറാനിലെ ബന്ദർ അബ്ബാസിൽ യു.എസ് വ്യോമാക്രമണം, എട്ട് ഇറാൻ സൈനികർ കൊല്ലപ്പെട്ടു

iran


സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാന് നേരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിനോട് ചേർന്ന തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലും സമീപ പ്രദേശങ്ങളിലുമാണ് യു.എസ് സൈന്യം കടുത്ത ആക്രമണം അഴിച്ചുവിട്ടത്. ബന്ദർ അബ്ബാസിന് പുറമെ സിരിക്, ഖിഷം ദ്വീപ് എന്നിവിടങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിതമായുണ്ടായ ഈ ആക്രമണത്തിൽ എട്ട് ഇറാൻ സൈനികരും മൂന്ന് മത്സ്യത്തൊഴിലാളികളും കൊല്ലപ്പെട്ടതായാണ് വിവരം. ബന്ദർ അബ്ബാസിലും ബുഷെഹറിലും സേവനമനുഷ്ഠിച്ചിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) സ്ഥിരീകരിച്ചു.

ഇറാനുമായുള്ള ധാരണാപത്രങ്ങൾ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർന്നത്. ഇറാന് നേരെ വരും ദിവസങ്ങളിൽ കൂടുതൽ കടുപ്പത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണക്കടത്തിനെ ബാധിക്കുന്ന രീതിയിൽ ഒരു ദീർഘകാല യുദ്ധം അമേരിക്ക ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ ഇനി തങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും, തങ്ങളുടെ ഒരു കപ്പലിന് നേരെ ഇറാൻ കൈവെച്ചപ്പോൾ പത്തിരട്ടിയായി അമേരിക്ക തിരിച്ചടി നൽകിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഒന്നാം നമ്പർ ടാർഗെറ്റ് താനാണെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും ട്രംപ് ആരോപിച്ചു.

അമേരിക്കയുടെ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ തങ്ങളും സജ്ജരാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യു.എസ് സൈന്യം കനത്ത തിരിച്ചടിക്ക് കാത്തിരുന്നുകൊള്ളാൻ ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ സമിതി വക്താവ് ഇബ്രാഹിം റിസായി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അടയ്ക്കുന്നതും ഇറാന്റെ മാത്രം തീരുമാനപ്രകാരമായിരിക്കുമെന്നും ഇതിൽ അമേരിക്കയുടെ ഭീഷണികൾ വിലപ്പോകില്ലെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഗാലിബാഫ് ഓർമ്മിപ്പിച്ചു. തങ്ങളോട് അമേരിക്കയുടെ വിരട്ടൽ വേണ്ടെന്നും, വാഷിംഗ്ടണിന്റെ ഉപരോധങ്ങൾക്കും ശക്തിപ്രയോഗങ്ങൾക്കും മുന്നിൽ ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും ഉപ വിദേശകാര്യമന്ത്രിയും വ്യക്തമാക്കി.