പസഫിക് സമുദ്രത്തിൽ വീണ്ടും യുഎസ് വ്യോമാക്രമണം; രണ്ട് പേർ കൂടി കൊല്ലപ്പെട്ടു
പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ യുഎസ് സൈന്യം നടത്തിയ പുതിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ലാറ്റിനമേരിക്കൻ മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സമുദ്രത്തിലെ ബോട്ടുകൾക്ക് നേരെ യുഎസ് തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത്.
ലാറ്റിനമേരിക്കയിലെയും കരീബിയൻ മേഖലയിലെയും സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎസ് സതേൺ കമാൻഡ് ആണ് തിങ്കളാഴ്ച രാത്രി ആക്രമണ വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ടവർ 'നാർക്കോ ടെററിസ്റ്റുകൾ' ആണെന്ന് സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ആധാരമായ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. കിഴക്കൻ പസഫിക്കിലെ മയക്കുമരുന്ന് കടത്ത് പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ബോട്ട് എന്നും യുഎസ് കമാൻഡർ ജനറൽ ഫ്രാൻസിസ് എൽ ഡൊണോവന്റെ ഉത്തരവിനെത്തുടർന്നാണ് 'കൈനറ്റിക് സ്ട്രൈക്ക്' നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
ഇതോടെ കഴിഞ്ഞ സെപ്റ്റംബർ മുതൽ പസഫിക്കിലും കരീബിയൻ കടലിലുമായി യുഎസ് നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 കടന്നു. ഞായറാഴ്ചയും സമാനമായ രീതിയിൽ യുഎസ് രണ്ട് ബോട്ടുകൾ തകർക്കുകയും അഞ്ച് പേരെ വധിക്കുകയും ചെയ്തിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അന്താരാഷ്ട്ര ജലാതിർത്തിയിൽ നിയമവിരുദ്ധമായ കൊലപാതകങ്ങളാണ് നടത്തുന്നതെന്ന് അന്താരാഷ്ട്ര നിയമ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. പലപ്പോഴും സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്. മയക്കുമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടമെന്ന് യുഎസ് അവകാശപ്പെടുമ്പോഴും, തകർക്കപ്പെട്ട ബോട്ടുകളിൽ നിന്ന് മയക്കുമരുന്നോ മറ്റ് അനധികൃത വസ്തുക്കളോ കണ്ടെത്തിയതിനും തെളിവുകളില്ല.
