ഇറാനിലെ 10 സൈനിക കേന്ദ്രങ്ങൾ തകർത്ത് യു.എസ് വ്യോമാക്രമണം; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ, കടുത്ത മുന്നറിയിപ്പുമായി ട്രംപ്
ഹോർമുസ് കടലിടുക്കിൽ പനാമ പതാകയേന്തിയ 'കികു' എന്ന എണ്ണക്കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാനിലെ തന്ത്രപ്രധാനമായ പത്ത് സൈനിക കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണം. മേഖലയിലെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ നീക്കങ്ങൾക്ക് തുടർച്ചയായ രണ്ടാം ദിവസമാണ് യു.എസ് സൈന്യം വൻ തിരിച്ചടി നൽകുന്നത്.
ഇറാന്റെ സൈനിക നിരീക്ഷണ സംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ ശേഖരണ കേന്ദ്രങ്ങൾ, മൈൻ ലെയർ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു യു.എസ് നാവിക-വ്യോമസേനകളുടെ സംയുക്ത ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യു.എസ് സൈന്യം എക്സിലൂടെ (X) പുറത്തുവിട്ടിട്ടുണ്ട്.
ഇറാൻ എന്ന രാജ്യംതന്നെ ഉണ്ടാകില്ലെന്ന് ഡൊണാൾഡ് ട്രംപ്
ഹോർമുസ് കടലിടുക്കിൽ ആക്രമണം തുടരുന്ന ഇറാന്റെ നടപടികൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. "ഇറാൻ ഒരിക്കലും പഠിക്കില്ലെന്നും യുക്തിസഹമായി പെരുമാറുന്നതിന് ഒരു പരിധിയുണ്ടെന്നും" ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. വീണ്ടും സൈനിക നടപടിയിലേക്ക് നീങ്ങാൻ അമേരിക്ക നിർബന്ധിതരായാൽ ഇറാൻ എന്ന രാജ്യംതന്നെ ഭൂമുഖത്ത് ഉണ്ടാകില്ലെന്നും, തുടങ്ങിയ സൈനിക നടപടി പൂർത്തിയാക്കാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി.
യു.എസ് താവളങ്ങൾ 'നരക'മാക്കുമെന്ന് ഇറാൻ
അമേരിക്കയുടെ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ കടുത്ത പ്രതികരണവുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ മിഡിൽ ഈസ്റ്റ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ 'നരക’മാക്കി മാറ്റുമെന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താക്കൾ നൽകിയ മുന്നറിയിപ്പ്. തങ്ങളുടെ താവളങ്ങൾ ആക്രമിച്ചവർക്ക് അതിശക്തമായ മറുപടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി.
നിലവിൽ മിഡിൽ ഈസ്റ്റ് മേഖലയിലാകെ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാധ്യമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ ഇരുവിഭാഗവും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ പുതിയ യു.എസ് ആക്രമണം നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാകും.
